sanu
പി.ഗംഗാധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അയ്യപ്പൻ മാസ്റ്റർ പുരസ്‌കാരം പ്രൊഫ.എം.കെ.സാനു പ്രൊഫ.കെ.ശശികുമാറിന് സമ്മാനിക്കുന്നു.

പള്ളുരുത്തി: മനുഷ്യത്വമുള്ള തലമുറയെ വാർത്തെടുക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു. പി.ഗംഗാധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പി.കെ.അയ്യപ്പൻ മാസ്റ്റർ പുരസ്‌കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമാകണം യഥാർത്ഥ ജാതി. അതല്ലാതെ മറ്റൊരു ജാതിയില്ല.
മറ്റുള്ളവർക്കും ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് മനുഷ്യത്വം. മനുഷ്യത്വമാകണം എല്ലാത്തിന്റെയും മാനദണ്ഡം. ആദർശ ബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റീസ് ജി.ശിവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവാക്കളിലെ അക്രമവാസന തടയുവാൻ സമൂഹം ജാഗ്രത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു. എം.വി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പൻ മാസ്റ്റർ പുരസ്‌കാരം, പ്രൊഫ.കെ. ശശികുമാറിന് എം.കെ.സാനു സമ്മാനിച്ചു. ടി.പി.പീതാംബരൻ മാസ്റ്റർ, അഡ്വ. എ.ജയശങ്കർ, വി.പി.ശ്രീലൻ, പ്രൊഫ. കെ.ശശികുമാർ , പി.എസ്. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.