കൊച്ചി: ആർ.സി.സിയിൽ ചികിത്സ തേടുന്ന പത്തുവയസുകാരന് കൊച്ചി കാൻസർ സെന്ററിൽ ചികിത്സ സാദ്ധ്യമാക്കണമെന്ന് ആവശ്യവുമായി കൃഷ്ണയ്യർ മൂവ്‌മെന്റ് രംഗത്ത് .ലിംഫോമ ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ് നിർദ്ധന കുടുംബത്തിലെ ബാലൻ. ആർ.സി.സിയിൽ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാലന് കീമോ തെറാപ്പി ചികിത്സ ആരംഭിച്ചു. എന്നാൽ പുറത്തെ താമസത്തിനുംടെസ്റ്റുകൾക്കും മറ്റുമായിവലിയ വതുക ആവശ്യമായി വരുന്നത് കുടുംബത്തിന് താങ്ങാനാവുന്നതല്ല. കൊച്ചി കാൻസർ സെന്ററിൽ ചികിത്സ നടത്തുകയാണെങ്കിൽ കലൂരിൽ വീടുള്ള കുടുംബത്തിന് ആശ്വാസമാകുമെന്ന് കൃഷ്ണയ്യർ മൂവ്‌മെന്റിലെ ഡോ.എൻ.കെ സനിൽകുമാർ സൂചിപ്പിക്കുന്നു. വിദഗ്ദ്ധ ഡോക്ടർമാരും ഓപ്പറേഷൻ തിയേറ്ററും കീമോ തെറാപ്പി സൗകര്യവുമുള്ള ആശുപത്രി കുഞ്ഞിന്റെ ചികിത്സയ്ക്കായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കൊച്ചി കാൻസർ സെന്ററിൽ എത്തിക്കാനായി ശ്രമിച്ചെങ്കിലും ഡോക്ടർമാർ ഇല്ലാതിരുന്നതിനാലാണ് കുട്ടിയെ ആർ.സി.സിയിലേക്ക് കൊണ്ട് പോയത്. കഴിഞ്ഞമാസം 30ന് വൈകിട്ട് നാലരയ്ക്ക് കുട്ടിയെ എത്തിക്കുകയാണെന്ന് വിളിച്ചുപറയാൻ ശ്രമിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും ആരുമുണ്ടായില്ലെന്ന് ഡോ.സനിൽകുമാർ പറഞ്ഞു. കിടത്തി ചികിത്സ ഇല്ലാത്തതു കൊണ്ടാണ് നാലരയ്ക്ക് ശേഷം ഡോക്ടർമാർ ഇല്ലാതിരുന്നത് എന്നായിരുന്നു അന്ന് ആശുപത്രി അധികൃതരുടെ വാദം. എട്ടര മുതൽ നാലര വരെയുള്ള കാൻസർ സെന്ററിന്റെ പ്രവർത്തനം 24 മണിക്കൂറാക്കണമെന്നും കിടത്തി ചികിത്സ ഉടൻ ആരംഭിക്കണമെന്നും കൃഷ്ണയ്യർ മൂവ്‌മെന്റ് ആവശ്യപ്പെട്ടു