ആലുവ: കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് 8 മുതൽ പ്രവർത്തനം ആരംഭിക്കാനിരിക്കെ, സ്വകാര്യ ബസ് സ്റ്റാൻഡിൽ സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ നീളുന്നു. ഇതിനിടയിലേക്ക് കെ എസ് ആർ ടി സി ബസുകൾ കൂടിയെത്തിയാൽ ആകെ കോലാഹലമായിരിക്കുമെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.
നിർദ്ദിഷ്ട കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ നിർമ്മാണത്തിന് മുന്നോടിയായാണ് ബസുകൾ ഇവിടേയ്ക്ക് മാറ്റുന്നത്. എന്നാൽ സ്വകാര്യ ബസ് സ്റ്റാൻഡിനകം നിറയെ കുണ്ടും കുഴിയുമാണ്. തെരുവുവിളക്കുകളും പ്രവർത്തനക്ഷമമല്ല.
യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ തകർന്ന് കിടക്കുകയാണ്. ദിനം പ്രതി 75 ഷെഡ്യൂളുകളാണ് ആലുവയിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് കെ എസ് ആർ ടി സി സർവീസ് നൽകുന്നത്. ഇത്രയധികം ബസുകൾക്ക് തങ്ങാനുള്ള സ്ഥലവും സ്വകാര്യ ബസ് സ്റ്റാൻഡിൽ ഉണ്ടാകുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
അതിനിടയിൽ മുനിസിപ്പൽ സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററുടെ കാബിൻ, ടിക്കറ്റ് വിതരണ കൗണ്ടർ, ഉച്ചഭാഷിണി, ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രം എന്നിവയും നിർമ്മിക്കേണ്ടതുണ്ട്. അതേ സമയം കാന്റീൻ സൗകര്യമൊരുക്കാനായി സ്ഥലം നൽകണമെന്ന് നഗരസഭ യോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അത് ലഭ്യമായിട്ടില്ലെന്നും കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.