നെടുമ്പാശ്ശേരി : സംസ്ഥാന സർക്കാരിന്റെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി പാറക്കടവ് സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ ആറ് വീടുകളുടെ താക്കോൽ ദാനം കളക്ടർ മുഹമ്മദ് വൈ സഫീറുള്ള നിർവഹിച്ചു. കുറുമശ്ശേരി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് സി.എം.സാബു അധ്യക്ഷത വഹിച്ചു. മൂഴിക്കുളം വലിയപറമ്പിൽ മോളി വിൽസൻ , ചെട്ടിക്കുളം കീനത്ത് രാധ മോഹനൻ, പൂവ്വത്തുശ്ശേരി തിരുപ്പറമ്പിൽ രാംദാസ്, പൂവ്വത്തുശ്ശേരി ഇരുമ്പുങ്ങൽ അനില സനോജ് , പൂവത്തുശ്ശേരി മണക്കുന്ന് വേലായുധൻ, മൂഴിക്കുളം കുറ്റിക്കാട്ടുത്തറ ഷൈല കെ.എ എന്നിവർക്കാണ് വീട് ലഭിച്ചത്. പ്രളയത്തിൽ പൂർണമായും തകർന്ന വീടുകളുടെ പട്ടികയിൽ നിന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് ബാങ്ക് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.
ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച പ്രത്യാശ പാലിയേറ്റീവ് കെയർ ഔപചാരിക ഉദ്ഘാടനം ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലിം നിർവഹിച്ചു. എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ എം എ ഗ്രേസി വിതരണം ചെയ്തു. നിർധന വിദ്യാർത്ഥികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണവും നടന്നു. ബാങ്ക് സെക്രട്ടറി അനിത.പി.നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സരള മോഹൻ, കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബി ചന്ദ്രശേഖര വാര്യർ, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ എന്നിവർ പ്രസംഗിച്ചു.