കൊച്ചി :പനി ബാധിച്ച് ചികിത്സയിലിരിക്കുന്ന യുവാവിന് നിപ വൈറസ് ബാധയെന്ന് സംശയത്തെ തുടർന്ന് അടിയന്തരസാഹചര്യമുണ്ടായാൽ നേരിടാൻ കഴിഞ്ഞവർഷം നിപ കാലത്തെ നേരിട്ട ഡോ. ചാന്ദ്‌നി ഉൾപ്പെടെയുള്ള കോഴിക്കോട്ടെ വിദഗ്ദ്ധ സംഘം ഇന്ന് എറണാകുളത്തെത്തും. നിപയെ പ്രതിരോധിക്കാനുള്ള മാസ്‌ക്, ഗ്ലൗസ്, ഗൗൺ തുടങ്ങിയ ഉപകരണങ്ങളും രാവിലെ എത്തും. ആവശ്യത്തിന് റിബാവൈറിൻ സ്റ്റോക്കും ഒരുക്കിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ അഞ്ച് ഐസൊലേഷേൻ റൂമുകൾ സജ്ജമാക്കി.

പനിയുമായി എത്തിയ യുവാവിൽ കണ്ടെത്തിയ വൈറൽ എൻസഫലൈറ്റിസാണ് (വൈറസ് തലച്ചോറിനെ ബാധിക്കുന്ന അവസ്ഥ) നിപയാണെന്ന സംശയമുണ്ടാക്കിയത്. ഇത് മറ്റ് വൈറസുകൾ കാരണവും ഉണ്ടാകാം.യുവാവ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രി ബാംഗ്ലൂരിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപയാണെന്ന് സംശയമുണ്ടാക്കിയത്.എന്നാൽ
മണിപ്പാലിലെ പരിശോധനയാണ് കൂടുതൽ കൃത്യമാവുകയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കുട്ടപ്പൻപറഞ്ഞു.