അങ്കമാലി : കേരളത്തിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ സംഘടനയായ ടെക്‌നോസിന്റെ സ്ഥാപക ചെയർമാൻ, കോഴിക്കോട് എൻ.ഐ.ടി.യിലെ വിദ്യാർത്ഥി പാർലമെന്റിന്റെ പ്രഥമ സെക്രട്ടറി ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ച രാജേഷ് കുമാറിന്റെ സ്മരണാർത്ഥം രാജേഷ്‌കുമാർ കെ.കെ. മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ആറാമത് അനുസ്മരണവും അവാർഡ് ദാനവും അങ്കമാലി എ.പി. കുര്യൻ സ്മാരക സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്നു. നിപ്പ ബാധിച്ച് അകാലത്തിൽ പൊലിഞ്ഞ കോഴിക്കോട് പേരാമ്പ്ര ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശേരിക്കാണ് മരണാനന്തര ബഹുമതിയായി ഈ വർഷത്തെ അവാർഡ് നൽകിയത്. 25,000 രുപയും ട്രോഫിയും അടങ്ങുന്ന അവാർഡ് സിനിമാതാരം റിമ കല്ലിങ്കൽ ലിനിയുടെ ഭർത്താവ് പി. സജീഷിന് നൽകി അനുസ്മര സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.ടി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പി.കെ. ബിജു അനുസ്മരണ പ്രഭാഷണം നടത്തി. നിപ്പ വൈറസ് തിരിച്ചറിഞ്ഞ ഡോ.എ.എസ്. അനൂപ്കുമാറിനെ ആദരിച്ചു.
ട്രസ്റ്റും ഡി.വൈ.എഫ്.ഐ അഖില കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് സംഘാടക സമിതിയും സംയുക്തമായി നായത്തോട് എ.കെ.ജി.ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത നൂറോളം കുട്ടികൾക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് നഗരസഭ ചെയർപേഴ്‌സനും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗവുമായ എം.എ. ഗ്രേസി വിതരണം ചെയ്തു. പി.ജെ. വർഗീസ്, അഡ്വ.കെ.കെ. ഷിബു, അഡ്വ. പി.എം. ആതിര, ഡോ.എം. സജീഷ് , ടി. വൈ. ഏല്യാസ് , കെ.പി. റജീഷ് എന്നിവർ സംസാരിച്ചു.