കൊച്ചി: നിപയുടെ കാര്യത്തിൽ തീരുമാനമാകുന്നതുവരെ പഴവർഗങ്ങളുടെ കച്ചവടം നിർത്തിവയ്ക്കാൻ വ്യാപാരികൾ തീരുമാനിച്ചു. രോഗം ബാധിച്ചെന്ന സംശയത്തെ തുടർന്ന് ഒരാൾ ചികിത്സയിലാണെന്ന് അറിഞ്ഞയുടൻ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഓർഡറുകൾ ഒന്നടങ്കം റദ്ദാക്കി. ജില്ലയിൽ ശരാശരി മുന്നൂറ് ടൺ പഴവർഗങ്ങളാണ് വിറ്റഴിക്കുന്നത്. തമിഴ്നാട്, കർണ്ണാടക, ആന്‌ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇത്എവത്തുന്നത്. എറണാകുളം മാർക്കറ്റിൽ മാത്രം ശരാശരി അമ്പത് ടൺ പഴവർഗങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ഓരോ കടയിലും പത്ത് ടണ്ണോളം വിറ്റഴിയും.
നിപ്പ ഭീതിയെ തുടർന്ന് കഴിഞ്ഞ വർഷം ജില്ലയിലെ പഴവർഗ കച്ചവടം ഏതാണ്ട് രണ്ട് മാസത്തോളം നിശ്ചലമായി. പഴങ്ങൾ ചീഞ്ഞളിഞ്ഞു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്തവണ മുൻകൂട്ടി ഓർഡറുകൾ റദ്ദാക്കിയതെന്ന് ഫ്രൂട്ട്സ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹിയും എ.കെ.എം ഫ്രൂട്ട് സ്റ്റാൾ ഉടമയുമായ അഷ്‌റഫ് പറഞ്ഞു.
# മാമ്പഴക്കാലത്തിന് തിരിച്ചടി
നാടൻ മാമ്പഴത്തിന്റെ സീസൺ കഴിയുകയാണ്. ഇനി കമ്പം,തേനി, പെരിയകുളം എന്നിവിടങ്ങളിൽ നിന്നുള്ള സ്വാദിഷ്ടമായ മാമ്പഴങ്ങളുടെ കാലമാണ്. മൊത്ത വിപണിയിൽ 35 -40 രൂപയാണ് കിലോ വില. ഞാവലും മാക്കറ്റിൽ സുലഭമാണ്. 60-70 രൂപയാണ് വില. മാങ്കോസ്റ്റിൻ,റമ്പൂട്ടാൻ എന്നിവയുടെയും സീസൺ തുടങ്ങുന്നു. ഈ സമയത്തുതന്നെ നിപ്പ ഭീഷണിയെത്തിയത് കച്ചവടക്കാർക്ക് കനത്ത പ്രഹരമായി. റംസാൻ കാലത്ത് മികച്ച കച്ചവടം ലഭിച്ചെങ്കിലും ജലാംശം കൂടുതലുള്ള ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയ പഴവർഗങ്ങളാണ് അധികമായി വിറ്റഴിഞ്ഞത്. ഇനി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിൾ കച്ചവടത്തിലാണ് ഏക പ്രതീക്ഷയെന്ന് വ്യാപാരികൾ പറഞ്ഞു.