villageoffice
മന്ത്രി ഇ. ചന്ദ്രശേഖരൻ 7ന് ഉദ്ഘാടനം ചെയ്യുന്ന മുളവൂർ സ്മാർട്ട് വില്ലേജോഫീസ് മന്ദിരം

മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ സ്മാർട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ച മുളവൂർ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 11ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. നിലവിലെ മുളവൂർ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന പായിപ്ര പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് പുതിയ വില്ലേജ് ഓഫീസ് മന്ദിരം നിർമിച്ചിരിക്കുന്നത്. പുതിയ മന്ദിരത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവർക്ക് സഹായത്തിനായി 'ഫ്രണ്ട് ഓഫീസ്' സംവിധാനം, ടോക്കൺ സംവിധാനം, നമ്പർ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ബോർഡ്, സ്ത്രീകൾക്കും മുതിർന്നവർക്കും വികലാംഗർക്കും വിശ്രമമുറി, ഒരേസമയം ഏഴുപേർക്കിരുന്ന് ജോലിചെയ്യാൻ പാകത്തിലുള്ള ഫ്രണ്ട് ഓഫീസ്, ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ടോയ്‌ ലെറ്റ് സൗകര്യം, ഫയലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ ഒരുക്കിയിട്ടുണ്ട്.