കൊച്ചി: പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ തന്നെയെന്ന് അനൗദ്യോഗിക സ്ഥിരീകരണം. തൊടുപുഴയിൽ പഠിക്കുന്ന പറവൂർ വടക്കേക്കര തുരുത്തിപ്പുറം സ്വദേശിയായ 23 കാരൻ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് ചികിത്സയിലുള്ളത്.
ബംഗളൂരുവിലെ സ്വകാര്യ ലബോറട്ടറിയിലെ സാമ്പിൾ പരിശോധനയ്ക്ക് പുറമെ ഇന്നലെ രാവിലെ ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും നിപയാണെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. അതേസമയം, പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം കൂടി വന്നാലേ രോഗം സ്ഥിരീകരിക്കുകയുള്ളുവെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. എങ്കിലും വൈറസ് സംശയമുള്ള സാഹചര്യത്തിൽ നിപ ആണെന്ന നിഗമനത്തിൽത്തന്നെ സാഹചര്യത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൊച്ചിയിൽ അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞവർഷം കോഴിക്കോട്ട് നിപക്കാലത്തെ നേരിട്ട ഡോക്ടർമാരുൾപ്പെട്ട സംഘം കൊച്ചിയിലെത്തി. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും ഇവർ പരിശീലനം നൽകി.
കഴിഞ്ഞ 29നാണ് യുവാവ് പനി മൂർച്ഛിച്ച് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയത്. 16ന് തൊടുപുഴയിൽ നിന്ന് തിരിച്ച യുവാവ് 20നാണ് തൃശൂരിലെ സ്ഥാപനത്തിൽ പരിശീലനത്തിനായി ചെല്ലുന്നത്. തൃശൂരിലെത്തി മൂന്ന് ദിവസത്തിനുശേഷം പനി മൂർച്ഛിച്ചപ്പോൾ അവിടെ രണ്ട് ആശുപത്രികളിൽ ചികിത്സ തേടി. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പറഞ്ഞുവിട്ട യുവാവ് പറവൂരിലെ ആശുപത്രിയിലും ചികിത്സതേടി. അവരുടെ നിർദ്ദേശപ്രകാരമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത്.
യുവാവിന്റെ മാതാപിതാക്കളും സഹോദരിയും സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇയാൾ പഠിച്ച കോളേജിലെ വിദ്യാർത്ഥികളും ഒപ്പം താമസിച്ചവരും കുടുംബാംഗങ്ങളുമുൾപ്പെടെ 86 പേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.മേയ് 16നും 20നുമിടയിൽ യുവാവ് വീട്ടിലുണ്ടായിരുന്നതായാണ് വിവരം. അതുകൊണ്ടു തന്നെ പനിയുടെ ഉറവിടം എവിടെ നിന്നാണെന്നുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്.
യുവാവിന്റെ നിലയിൽ മാറ്റമില്ല
യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അബോധാവസ്ഥയിലല്ലെങ്കിലും സംസാരിക്കാൻ കഴിയുന്നില്ല. ശരീരം കാര്യമായി ചലിപ്പിക്കാനും കഴിയുന്നില്ല. ഭക്ഷണം കഴിച്ചു. പകർച്ചവ്യാധി ചികിത്സയിൽ വിദഗ്ദ്ധനായ ഡോക്ടറുടെ നേതൃത്വത്തിലാണ് ചികിത്സ. യുവാവിൽ കണ്ട വൈറൽ എൻസഫലൈറ്റിസ് (വൈറസ് തലച്ചോറിനെ ബാധിക്കുന്ന അവസ്ഥ) ആണ് നിപയാണെന്ന സംശയം ഡോക്ടർമാരിൽ ജനിപ്പിച്ചത്. ഉടനടി രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും സാമ്പിൾ ബംഗളൂരുവിലെ സ്വകാര്യ ലാബിലേക്ക് അയയ്ക്കുകയുമായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആണെന്ന് കണ്ടതിനെ തുടർന്നാണ് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചത്. ആരോഗ്യവകുപ്പിലെ ഡോക്ടർ ഞായറാഴ്ച ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
ആരോഗ്യവകുപ്പ് സജ്ജം
നിപയെ നേരിടാൻ സർവസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അറിയിച്ചു. നിപ വൈറസിനെ നേരിടാൻ എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകൾ സജ്ജമായി. മൂന്നിടങ്ങളിലെയും മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ തുറക്കുകയും ഡോക്ടർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. എറണാകുളം കളക്ടറേറ്റിൽ കൺട്രോൾ റൂമും മെഡിക്കൽ കോളേജിൽ ഹെൽപ് ഡെസ്കും ആരംഭിച്ചു. നിപയെ നേരിടാനുള്ള ഗൗണും മാസ്കും ഉൾപ്പെടെയുള്ള മുൻകരുതൽ വസ്ത്രങ്ങളും റിബാവൈറിൻ മരുന്നും കോഴിക്കോട്ടു നിന്ന് എത്തിച്ചിട്ടുണ്ട്.