thozhlurapp
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾ ഓടകൾ വൃത്തിയാക്കുന്നു

കൊച്ചി : കഴിഞ്ഞ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ പാമ്പാക്കുട ഗ്രാമ പഞ്ചായത്തിന് മികച്ച നേട്ടം. 2 കോടി 15 ലക്ഷം രൂപ ചെലവഴിച്ച് 75557 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞത് ജില്ലയിൽ തന്നെ മാതൃകയായി. കുളം കുഴിക്കൽ, കിണർ നിർമാണം, കല്ല് തടയണകൾ, ജലപരിപോഷണ കുഴികൾ, ശുചിമുറികളുടെ കുഴി നിർമ്മാണം, ജലനിർഗമനചാലുകൾ, കോണ്ടൂർ ബണ്ട് നിർമ്മാണം, ഭൂമി നിരപ്പാക്കൽ തുടങ്ങി നിരവധി ഭൂവികസന പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കാര്യക്ഷമമായി നടപ്പാക്കുവാൻ പാമ്പാക്കുട ഗ്രാമ പഞ്ചായത്തിനു കഴിഞ്ഞതായി പ്രസിഡന്റ് സുഷമ മാധവൻ പറഞ്ഞു.
ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം

പത്തോളം ജലസേചന കുളങ്ങൾ,അറുപതോളം കിണറുകൾ എന്നിവ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി നിർമ്മിച്ചു. ഹരിത കേരളം മിഷനുമായി സംയോജിച്ച് തൊഴിലുറപ്പ് പദ്ധതി ആസൂത്രണം ചെയ്യാൻ കഴിഞ്ഞതും നേട്ടമായി. ഒഴുക്കുനിലച്ച ഓടകളും വൃത്തിയാക്കി. ആവശ്യമുള്ളതിന്റെ ഇരട്ടി തൊഴിൽ ദിനങ്ങൾ പ്രദാനം ചെയ്യുന്ന പ്രൊജക്ടുകൾ കൊണ്ടുവരുവാൻ ശ്രമിച്ചതിനാൽ അംഗങ്ങൾക്ക് പൂർണതോതിൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് എൻ.എ.ഡി.ഇ.പി. കമ്പോസ്റ്റ് ടാങ്കുകളും പാവപ്പെട്ട 60 കുടുംബങ്ങൾക്ക് വ്യക്തിഗത ശൗചാലയങ്ങളും പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ചു നൽകി. ജില്ലയിൽ ആദ്യമായി പഞ്ചായത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ആവശ്യമായ സിമന്റ് ഇഷ്ടിക തൊഴിലുറപ്പ് പദ്ധതിയിൽ കൂടി നിർമ്മിച്ചുനൽകാനും കഴിഞ്ഞു.
കാർഷികമേഖലയ്ക്ക് പുതുജീവൻ

കാർഷിക ഗ്രാമമായ പാമ്പാക്കുട ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയ്ക്കും തൊഴിലുറപ്പ് പദ്ധതി പുതുജീവൻ നൽകി.12 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കുവാൻ കഴിഞ്ഞത് നേട്ടമായി. ഏഴോളം ഗ്രാമീണ റോഡുകളുടെ നിർമ്മാണം തൊഴിലുറപ്പ് പദ്ധതി വഴി ഏറ്റെടുത്ത് പഞ്ചായത്തിന്റെ ദുർഘട പ്രദേശങ്ങളിലേക്ക് സുഗമമായ യാത്ര സൗകര്യം ഒരുക്കി. തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണത്തിനും ഏകോപനത്തിനുമായി ജില്ലയിൽ തന്നെ ആദ്യമായി രാജീവ്ഗാന്ധി സേവാകേന്ദ്രം തുറന്നു. തൊഴിലുറപ്പ് പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നത് ഈ പഞ്ചായത്തുതല തൊഴിലുറപ്പ് ആസ്ഥാന കേന്ദ്രമാണ്. സ്വന്തമായി കെട്ടിടം ഇല്ലാത്ത മുഴുവൻ അംഗൻവാടികൾക്കും തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കെട്ടിടം നിർമ്മിച്ചു നൽകാൻ കഴിഞ്ഞതായി പഞ്ചായത്ത് സെക്രട്ടറി അന്ത്രു പറഞ്ഞു. കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിലും പഞ്ചായത്തിലെ 650 കുടുംബങ്ങൾക്ക് സമ്പൂർണ തൊഴിൽ ദിനങ്ങൾ നല്കാൻ കഴിഞ്ഞതിനൊപ്പം കഴിഞ്ഞ വർഷം 34 കുടുംബങ്ങൾക്ക് 150 തൊഴിൽ ദിനങ്ങൾ നൽകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് പാമ്പാക്കുട പഞ്ചായത്ത് ഭരണസമിതി.