കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ 12 ദിവസ വേതനക്കാരെ അകാരണമായി പിരിച്ചുവിട്ടു. ഇന്നലെ വൈസ് ചാൻസലറുടെ കാബിനിലേക്ക് തൊഴിലാളികളെ വിളിച്ചുവരുത്തി ഇന്നുമുതൽ ജോലിക്ക് എത്തേണ്ടെന്ന് പറയുകയായിരുന്നു. ഹോസ്റ്റൽ ബ്ലോക്കിലെ ശുചീകരണ വിഭാഗം ജീവനക്കാരായിരുന്നു ഇവർ. ദിവസവേതനത്തിൽ അമ്പതോളം ജീവനക്കാരാണ് ഇവിടെ തൊഴിലെടുക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ദിവസവേതനക്കാരാണെങ്കിലും ഇവർക്ക് മാസമാണ് ശമ്പളം കൊടുക്കുന്നത്. സർവകലാശാലയുടെ തുടക്കം മുതലുള്ള തൊഴിലാളികളും പിരിച്ച് വിടപ്പെട്ടവരിൽ ഉണ്ടെന്ന് ജീവനക്കാർ പറഞ്ഞു.
എല്ലാ ജീവനക്കാരെയും പോലെ രജിസ്റ്ററിൽ ഒപ്പിട്ട് പഞ്ചിംഗ് മെഷീനിൽ രേഖപ്പെടുത്തിയാണ് ഇവർ ദിവസവും ജോലിക്ക് കയറുന്നത്. ചില തൊഴിലാളികളെ നിലനിർത്തുകയും മറ്റാരുടെയോ നിർദ്ദേശപ്രകാരം മറ്റുള്ളവരെ അധികൃതർ പിരിച്ച് വിടുകയുമായിരുന്നുവെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. ദിവസവേതനക്കാരെ നിയമിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന് വ്യവസ്ഥയുണ്ടെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.