പറവൂർ : പ്രളയത്തിൽ വീട് മുങ്ങുകയും വീട്ടുപകരണങ്ങൾ പൂർണമായും നശിച്ച നിരവധി കുടുംബങ്ങൾക്ക് പ്രളയധനസഹായം ലഭിക്കാത്തിനാൽ ചിറ്റാറ്റുകര പഞ്ചായത്ത് മന്ത്രിക്കും റവന്യു അധികൃതർക്കും നിവേദനം നൽകും. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലുണ്ടായ തെറ്റാണ് അർഹരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് പതിനായിരത്തിനു പുറമേയുള്ള ധനസഹായം കിട്ടാതെ പോയതിനു കാരണമായിട്ടുള്ളത്. കുറഞ്ഞത് 60,000 രൂപയെങ്കിലും കിട്ടാൻ അർഹതയുള്ള അനേകർക്ക് 10,000 രൂപ മാത്രമേ ഇപ്പോഴും ലഭിച്ചിട്ടുള്ളൂ. അർഹതയില്ലാത്തവർക്ക് കൂടുതൽ തുക ലഭിക്കുകയും ചെയ്തതായി ആക്ഷേപമുണ്ട്. ജനങ്ങളുടെ ആക്ഷേപം താലൂക്കിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികൾ ശരിവയ്ക്കുന്നു. പരിഹാരനടപടികൾ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
സഹായം ലഭിക്കാത്ത അർഹരായ കുടുംബങ്ങൾക്ക് വീണ്ടും അപേക്ഷ നൽക്കാൻ അവസരം നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ അപേക്ഷ സ്വീകരിക്കാൻ ഒരു വകുപ്പും തയ്യാറായിട്ടില്ല. ഈ സഹാചര്യത്തിലാണ് അർഹരായവർക്ക് അർഹതപ്പെട്ട ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റവന്യു അധികൃതർക്കും മന്ത്രിക്കും നിവേദനം നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതെന്ന് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് പറഞ്ഞു.