കൊച്ചി: കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് മലയാളികൾ നിപ എന്ന വൈറസ് രോഗത്തെക്കുറിച്ച് ആദ്യം കേൾക്കുന്നത്. കോഴിക്കോട് പേരാമ്പ്രയിൽ നി​പ രോഗകാലത്ത് നഴ്സ് ലിനി ഉൾപ്പെടെ 17 പേരുടെ ജീവനാണ് പൊലിഞ്ഞത്.

നിപയെ അറിയാം

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ് നിപ. . വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവർക്കും വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും കഴിക്കുന്നവർക്കും രോഗം പകരാം.

ലക്ഷണങ്ങൾ

അണുബാധയുണ്ടായി​ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക.

 പനി, തലവേദന, തലകറക്കം, ബോധക്ഷയം

 ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവ അപൂർവമായി പ്രകടിപ്പിക്കാം.

 രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധക്ഷയം വന്ന്അബോധാവസ്ഥയി​ലാകാൻസാദ്ധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും സാദ്ധ്യത.

രോഗ സ്ഥിരീകരണം

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി.ആർ. (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാനാവും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാനാകും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാനാകും.

മുൻകരുതലുകൾ

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ ഫലപ്രദമല്ല. പ്രതിരോധമാണ് പ്രധാനം. വവ്വാലുകൾ ധാരാളമുളള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ കടിച്ച ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ തുടങ്ങിയ ഫലങ്ങൾ ഒഴിവാക്കുക

രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ

 രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
 രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുക. രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുക
 രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
 വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക

ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക
 രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകൾ നടത്തുമ്പോഴുംകൈയുറകളും മാസ്‌ക്കും ധരിക്കുക
 രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

സുരക്ഷാ രീതികൾ:

 സോപ്പ്, ആൾക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.
 രോഗ ചികിൽസക്ക് ഉപയോഗിച്ച ഉപകരണങ്ങൾ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി കൈകാര്യം ചെയ്യുക
 മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച് വാർഡുകളിലേക്ക് മാറ്റുക.
 ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
 രണ്ട് രോഗികളുടെ കട്ടിലുകൾ തമ്മിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:
 കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി​ കഴുകുക.
 അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈൻ അല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങൾ (ഉദാ. സാവ്‌ലോൺ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാം.
 ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഡിസ്‌പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രം ഉപയോഗിക്കുക

സംശയ നിവാരണത്തിനായി

കാൾ സെന്റർ നമ്പർ : 1077

ദിശ ഹെൽപ് ലൈൻ നമ്പരുകൾ: 1056, 0471 2552056