കൊച്ചി : ചിലവന്നൂർ കായൽത്തീരത്തെ കൈയേറ്റങ്ങളെക്കുറിച്ച് പരിശോധന നടത്തി നാലാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ കേരള തീരദേശ പരിപാലന അതോറിറ്റിക്കും എറണാകുളം ജില്ലാ കളക്ടർക്കും ഹൈക്കോടതി നിർദേശം നൽകി. ചിലവന്നൂർ കായൽത്തീരത്ത് വൻതോതിൽ കൈയേറ്റം നടക്കുന്നുണ്ടെന്നും ഇത് കണ്ടെത്താൻ സർവേ ടീമിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. മാലിന്യങ്ങളും മറ്റും നിക്ഷേപിച്ച് കായൽ നികത്തിയും കായൽതീരം കൈയേറിയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയായ ഇത്തരം കൈയേറ്റങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ സർക്കാരിന്റെ കൈവശമുണ്ട്. ഇതു ചൂണ്ടിക്കാട്ടി ഹർജിക്കാരൻ നിവേദനവും നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതി ഇടപെടണമെന്നുമാണ് ആവശ്യം.
ഹർജിയിലെ ആവശ്യങ്ങൾ
ചിലവന്നൂർ കായൽതീരം അളന്നു തിട്ടപ്പെടുത്താൻ പ്രത്യേക സർവേ സംഘത്തെ നിയോഗിക്കണം, പഴയ സർവേ രേഖകൾ, റീ സർവേ രേഖകൾ, സാറ്റലൈറ്റ് മാപ്പിംഗ് എന്നിവയുടെ സഹായത്തോടെ കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കണം
കായൽതീരം കൈയേറിയുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കണം.
ചിലവന്നൂർ കായലിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയണം. നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കണം
അനധികൃത നിർമ്മാണങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.