തൃക്കാക്കര : സർക്കാർ ഓഫീസുകളെ ജനകീയമാക്കാൻ ജീവനക്കാർ തയ്യാറാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. നവീകരണം പൂർത്തിയാക്കിയ എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാരും ജനങ്ങളും അദ്ധ്യാപകരും ജീവനക്കാരുമെല്ലാം ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായാണ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് പൊതു വിദ്യാഭ്യാസ രംഗത്ത് വൻ ഉണർവുണ്ടാക്കാൻ കഴിഞ്ഞത്. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ ഫയലുകളിലും വിദ്യാർത്ഥികളുടെ മുഖമായിരിക്കണം വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ കാണേണ്ടത്. ഇതിനായി ഓഫീസുകളോടൊപ്പം മനസുകളേയും നവീകരിക്കണം. പി.ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉപഹാര വിതരണം നടത്തി. അഡീ.സ്പെഷ്യൽ പ്രൊജക്ട് ഡയറക്ടർ സി.എ.സന്തോഷ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജാൻസി ജോർജ്, ഹയർ സെക്കണ്ടറി മേഖലാ ഡയറക്ടർ ശകുന്തള, പരീക്ഷ ഭവൻ ജോ.കമ്മീഷണർ എം.കെ. ഷൈൻമോൻ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.കുസുമം സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടോണി ജോൺസൺ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്ഥാപനങ്ങളേയും ചുമർചിത്രങ്ങൾ വരച്ച ചിത്രകലാദ്ധ്യാപകരേയും മന്ത്രി അനുമോദിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച 1, 21,36,498 രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ ഓഫീസ് നവീകരണം പൂർത്തിയാക്കിയത്. ജില്ലയിലെ വിവിധ സ്കൂളുകളിലെ ചിത്രകലാദ്ധ്യാപകർ ചേർന്ന് ഓഫീസ് ചുവരുകൾ ചുമർചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. ഒപ്പം വനിതകൾക്കായി പ്രത്യേക സൗകര്യങ്ങളും വകുപ്പുതല യോഗങ്ങൾക്കായി കോൺഫറൻസ് ഹാളും ഒരുക്കിയിട്ടുണ്ട്.