കൊച്ചി: നിപ ഭീതിയുടെ പശ്ചാത്തലത്തിൽ മാലിന്യനിർമ്മാർജ്ജനത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. നഗരത്തിൽ ഒരു ഭാഗത്തും മാലിന്യം കുമിഞ്ഞുകൂടുന്ന

അവസ്ഥ അനുവദിക്കില്ല. മാലിന്യം നിരത്തിലേക്ക് വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിലുണ്ടായ അഗ്നിബാധയെ തുടർന്ന് പ്ളാന്റിലേക്കുള്ള മാലിന്യനീക്കം രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീടുകളിലും കടകളിലും നിന്നുള്ള മാലിന്യശേരണം സന്ധ്യയ്ക്ക് ശേഷമായതിനാൽ തൊഴിലാളികൾ ബുദ്ധിമുട്ടിലാണെന്ന് വ്യാപകമായ പരാതിയുണ്ട്. ഇവരിൽ അധികവും സ്‌ത്രീകളാണ്. മഴക്കാലം കൂടി വന്നതാൽ പ്രശ്നം കൂടുതൽ വഷളാകും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ഇക്കാര്യം പരിഗണിച്ചശേഷം വിഷയം കൗൺസിൽ ചർച്ച ചെയ്യും. .മാലിന്യനീക്കത്തെ ബാധിക്കാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപ്പറേഷന്റെ നേതൃത്വത്തിൽ ആയൂർവേദ, ഹോമിയോ ക്യാമ്പുകൾ ഉടൻ ആരംഭിക്കുമെന്ന് മേയർ പറഞ്ഞു.