minshad
മിൻഷാദ്

കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിൽ താമസിക്കുന്ന കോട്ടയം നെടുങ്കുന്നം സ്വദേശിനിയെയും അമ്മയേയും മർദ്ദിച്ച സംഭവത്തിൽ ഫോർട്ട്കൊച്ചി ഏരുവേലി നാലകത്തു മിൻഷാദ് (24), ഇടപ്പള്ളി കുന്നുംപുറംബ്ലായിപ്പറമ്പിൽ അൽത്താഫ് (20),തൊടുപുഴ കോളേരി ശീതൾ ജിജോ (20) എന്നിവരെ നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. യുവതിയും സഹോദരിയും അയൽവാസിയായ ചെറിയ കുട്ടിയും കൂടി മലിന ജലം കളയുന്നതിനായി റോഡിലെ കാനയുടെ അടുത്തേയ്‌ക്ക് വരുന്നതിനിടെ കുട്ടി പെട്ടെന്ന് റോഡ് മറികടന്നു. ബൈക്കിലെത്തിയ പ്രതികൾ മൂന്നു പേരും കുട്ടിയെ ചീത്ത പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത യുവതിയേയും ബഹളം കേട്ടെത്തിയ അമ്മയെയും പ്രതികൾ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തു. ആളുകൾ ഓടിക്കൂടിയതോടെ പ്രതികൾ സ്ഥലം വിട്ടു. ഇതിനിടെ ഒരാൾ ഇവരുടെ ബൈക്കിന്റെ നമ്പർ കുറിച്ചെടുത്തു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ വാഹനത്തിന്റെ ഉടമയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മിൻഷാദ് എറണാകുളം സെൻട്രൽ, എളമക്കര സ്റ്റേഷനുകളിൽ അടിപിടി, കവർച്ച കേസുകളിൽ പ്രതിയാണ്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ സുരേഷിന്റെ നിർദ്ദേശ പ്രകാരം നോർത്ത് സി.ഐ. റോജ്, എസ്.ഐ ജബ്ബാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.