 അങ്കിളിനെ വിളിക്കൂ 9497915555

കൊച്ചി: മക്കൾക്ക് പുസ്‌തകവും കുടയും ചോറ്റുപാത്രവും ഇതുവരെ കിട്ടിയില്ലേ? അച്‌ഛന്റെ കൈയ്യിൽ പണമില്ലാത്തതിലാണെങ്കിൽ വിഷമിക്കേണ്ട. മക്കൾ തന്നെ സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രനെ വിളിക്കൂ. മൊബൈൽ നമ്പർ 9497915555. നിങ്ങൾക്ക് താങ്ങും തണലുമായി കമ്മിഷണറുണ്ടാകും.

സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പുസ്‌തകങ്ങൾ ഉൾപ്പെടെ ഒന്നും വാങ്ങാത്തവർക്കാണ് കൈത്താങ്ങ്. ഏറ്റവും പാവപ്പെട്ടവർക്കായിരിക്കും ഈ ഗതികേടെന്ന തിരിച്ചറിവിലാണ് കമ്മിഷണറുടെ ഇടപെടൽ. കുട്ടി തന്നെ സിറ്റി പൊലീസ് കമ്മിഷണറെ നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണം. ഉടനടി പരിഹാരമുണ്ടാകുമെന്നാണ് ഉറപ്പ്. ഇതിനായി എസ്. സുരേന്ദ്രൻ ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്‌ക്കും. സഹായിക്കാൻ താത്പര്യമുള്ള പൊലീസ് ഉദ്യോഗസ്ഥരും പദ്ധതിയുടെ ഭാഗമാകും. എത്ര കുട്ടികൾ വിളിച്ചാലും അവർക്ക് പഠനോപകരണങ്ങൾ നൽകാനാണ് തീരുമാനം. ഇതിലൂടെ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം.

 പഠനം മുടങ്ങരുത്

പുസ്‌തകങ്ങളും പഠനോപകരണങ്ങളും ഇല്ലാതെ ഒരു കുട്ടിയുടെയും പഠനം മുടങ്ങരുത്. മൂന്നു കുട്ടികളുള്ള ചില രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നതായി മനസിലായി. ഇതുവരെ അവർ പുസ്‌തകങ്ങൾ വാങ്ങിയില്ലെങ്കിൽ വളരെ പരിതാപകരമെന്ന് വ്യക്തം. അവരെ സഹായിക്കുകയാണ് ലക്ഷ്യം. ഒപ്പം പൊലീസ് കുട്ടികളുമായി നല്ല ബന്ധം പുലർത്തുന്നതോടെ സമൂഹത്തിൽ മാറ്റവും പ്രതീക്ഷിക്കുന്നു.

എസ്.സുരേന്ദ്രൻ

സിറ്റി പൊലീസ് കമ്മിഷണർ