കൊച്ചി: പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എൻജിനിയറിംഗ് വിദ്യാർത്ഥിയായ 23 കാരന് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ നിന്ന് ഇന്നലെ രാവിലെയാണ് സ്ഥിരീകരണം ലഭിച്ചത്.
രോഗിയുമായി അടുത്ത് ഇടപഴകിയ ബന്ധു, സുഹൃത്ത്, രണ്ട് നഴ്സുമാർ എന്നിവർ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ചുമയുള്ള സുഹൃത്തിനെ കളമശേരി ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലാണ്. രോഗിയുമായി ഇടപഴകിയ 86 പേർ നിരീക്ഷണത്തിലാണ്.
നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല. ഇടയ്ക്കിടെ പനി വരുന്നുണ്ടെങ്കിലും നില തൃപ്തികരമാണ്. വെന്റിലേറ്ററിൽ നിന്ന് മാറ്റി. ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്. മറ്റു രോഗികൾ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
മരണങ്ങൾ അന്വേഷിക്കും
തൊടുപുഴയിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായ യുവാവ് മേയ് 16 വരെ അവിടെ വാടകവീട്ടിലും പിന്നീട് തൃശൂരിലുമാണ് താമസിച്ചത്. ഇടയ്ക്ക് വടക്കൻ പറവൂരിലെ സ്വന്തം വീട്ടിലും തങ്ങി. ഈ സ്ഥലങ്ങളെല്ലാം നിരീക്ഷണത്തിലാണ്. വാടകവീടും പരിസരവും മൃഗസംരക്ഷണ അധികൃതർ പരിശോധിച്ചു. ആശങ്കപ്പെടുത്തുന്ന ഒന്നും കണ്ടെത്തിയില്ല. യുവാവ് സഞ്ചരിച്ച സ്ഥലങ്ങളെല്ലാം കണ്ടെത്തി ഡി.എം.ഒമാരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
യുവാവ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ അടുത്ത കാലത്തുണ്ടായ പനി മരണങ്ങളും അന്വേഷിക്കും. നിപയുടെ പേരിൽ രോഗികളുടെ ബന്ധുക്കളെയോ നാട്ടുകാരെയോ ഒറ്റപ്പെടുത്തരുതെന്ന് മന്ത്രി പറഞ്ഞു.
കളക്ടറുടെ നേതൃത്വത്തിലുള്ള കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിലാണ് മരുന്ന് വിതരണം ഉൾപ്പെടെയുള്ളവ നടത്തുന്നത്.
മെഡി. കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ
മുൻകരുതലായി എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കും. എറണാകുളത്തെ ഐസൊലേഷൻ വാർഡ് കളമശേരി ഗവ. മെഡിക്കൽ കോളേജിലാണ്. അടുത്തുള്ള ജില്ലകളിലും ഐസൊലേഷൻ വാർഡുകൾ ഉണ്ടാകും. ഇടുക്കി മെഡിക്കൽ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലുമായി ഐസൊലേഷൻ വാർഡുകൾ തുറന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത രോഗികളെ വീടുകളിൽ ചികിത്സിക്കും. കോഴിക്കോട്ടെ നിപ അനുഭവങ്ങൾ മുൻനിറുത്തിയാണ് കരുതൽ നടപടികൾ സ്വീകരിച്ചത്. കോഴിക്കോട്ടു നിന്നുള്ള വിദഗ്ദ്ധസംഘവും എത്തിയിട്ടുണ്ട്.
മരുന്ന് സുലഭം
നിപയ്ക്ക് ചികിത്സ കണ്ടെത്തിയിട്ടില്ല. എെ.സി.എം.ആറിന്റെ (ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്) അനുമതിയോടെയാണ് മരുന്നുകൾ നൽകുന്നത്. നിപ വൈറസ് ബാധിച്ചവർക്ക് നൽകിയ 'റിബാവിറിൻ' ഗുളിക സ്റ്റോക്കുണ്ട്. ഇത് യുവാവിന് നൽകുന്നുണ്ട്. നിപയെ നേരിടാൻ സർക്കാർ സർവസജ്ജമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് എല്ലാ സഹായവും നൽകും: കേന്ദ്രം
കേന്ദ്രം കൺട്രോൾ റൂം തുറന്നു - 01123978046
ന്യൂഡൽഹി: നിപ നേരിടാൻ കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചിരുന്നു. എല്ലാ സഹായവും ഉറപ്പ് നൽകി. ഡൽഹി എയിംസിലെ ആറംഗ വിദഗ്ദ്ധ സംഘം കേരളത്തിൽ എത്തിയിട്ടുണ്ട്. പ്രതിരോധ മരുന്നായ 'മോണോക്ലോണൽ ആന്റിബോഡി' കൊച്ചിയിലേക്ക് അയച്ചു. വവ്വാലുകളിലെ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം കേരളത്തിലെത്തും. പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു.