tr
ഒരു ശിശുവിന് ഒരു മരം പദ്ധതിയുടെ ഉദ്‌ഘാടനംമേയർസൗമിനിജെയിൻ നിർവഹിക്കുന്നു


കൊച്ചി നവജാത ശിശുവായ നിരഞ്ജന്റെ പേരിൽ തൈ നട്ടു കൊണ്ട് 'ഒരു ശിശുവിന് ഒരു മരം' പദ്ധതിക്ക് കൊച്ചി കോർപ്പറേഷൻ തുടക്കമിട്ടു. എം.ജി. റോഡിൽ ഭാസ്‌കരമേനോൻ ലെയിനിലെ "വിപഞ്ചിക" യിലെ 28 ദിവസം പ്രായമായ പൊന്നോമനയ്ക്ക് വേണ്ടി അമ്മ സ്‌നേഹയും അച്ഛൻ സഞ്ജയും ചേർന്ന് തൈ നട്ടു. ചടങ്ങിൽ മേയർ സൗമിനി ജെയിൻ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ഹാരിസ്, എ.ബി. സാബു, കെ.വി.പി. കൃഷ്ണകുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ജോസഫ്, കൗൺസിലർ കെ.ജെ. ആന്റണി, എന്നിവർ പങ്കെടുത്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോർപ്പറേഷൻ പരിധിയിലെ ഓരോ നവജാതശിശുവിന്റെ പേരിലും അവരുടെ മാതാപിതാക്കൾ നട്ട് വളർത്തി പരിപാലിക്കുന്ന ഒരു മരം ബാല്യകാലം കഴിയുമ്പോൾ കുട്ടിക്ക് കൈമാറും. നടുവാനുളള തൈ സംസ്ഥാന സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ കോർപ്പറേഷൻ സൗജന്യമായി ലഭ്യമാക്കും. സ്വന്തം വീടും സ്ഥലവുമില്ലാത്തവർക്ക് പൊതുസ്ഥലത്ത് നട്ട് പരിപാലിക്കുന്നതിനുളള അവസരം നൽകും. കൊച്ചി നഗരത്തിലെ പ്രതിശീർഷ വൃക്ഷ അനുപാതം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് .മേയർ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് ഹെൽത്ത് സൂപ്പർവൈസറുമായി ബന്ധപ്പെടണം.