മൂവാറ്റുപുഴ: നഗരസഭയിയിലെ 28 വാർഡുകളിലായി ആയിരത്തി ഇരുന്നൂറിലധികം പ്രായമായ രോഗികൾക്ക് സൗജന്യമായി മരുന്നും ചികിത്സാ സൗകര്യങ്ങളും നൽകുന്ന വയോമിത്രം പദ്ധതി മാതൃകയാകുന്നു. വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ചികിത്സയും മറ്റു സൗകര്യങ്ങളും നൽകുന്നതെന്ന് ചെയർപേഴ്സൺ ഉഷ ശശിധരനും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീറും അറിയിച്ചു. സംസ്ഥാന സർക്കാർ 20 ലക്ഷവും നഗരസഭ 10 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിക്കുന്നത്.

മുതിർന്ന പൗരന്മാരുടെ പരിചരണത്തിന് വിദഗ്ദ്ധരായ ജീവനക്കാരും പ്രത്യേക മൊബൈൽ യൂണിറ്റും ഒന്നിടവിട്ടുള്ള ആഴ്ചകളിലായി 20 കേന്ദ്രങ്ങളിലാണ് രോഗികളെ നേരിട്ട് കാണുന്നതിന് കൃത്യമായെത്തുന്നത്. ഇതിനോടനുബന്ധിച്ച് പ്രത്യേക മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസുകളും വയോജനങ്ങൾക്കായി വിമാനയാത്ര അടക്കം സംഘടിപ്പിക്കുന്നു.

19 ന് വിപുലമായ നേത്രപരിശോധന ക്യാമ്പും ജീവിതശൈലി രോഗ നിർണയ ക്യാമ്പും ടൗൺഹാൾ അങ്കണത്തിൽ നടത്തും. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡോക്ടർമാർ നയിക്കുന്ന പരിശോധന ക്യാമ്പിൽ നിന്ന് തിരെഞ്ഞെടുക്കുന്ന തിമിര രോഗബാധിതർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നൽകും. 9645206562, 9995157411 എന്ന നമ്പരുകളിലും അടുത്തുള്ള വയോമിത്രാം ക്ലിനിക്കിലും പേരുകൾ രജിസ്റ്റർ ചെയ്യാം.