രണ്ടു ദിവസം ബോധവത്കരണം

കൊച്ചി : നിപ രോഗബാധ പടരുന്നത് തടയാൻ കൊച്ചി കോർപ്പറേഷൻ അടിയന്തര നടപടികൾ ആരംഭിച്ചു. ജനങ്ങളെ ബോധവത്കരിക്കാനും പദ്ധതികൾ നടപ്പാക്കും. ആരോഗ്യ വകുപ്പുമായി സഹകരിച്ച് രോഗം തടയാനും സുരക്ഷിതത്വം ഉറപ്പിക്കാനും നടപടികൾ സ്വീകരിക്കാൻ വകുപ്പുമന്ത്രി കെ.കെ. ശൈലജ പങ്കെടുത്ത യോഗം തീരുമാനിച്ചു.

മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നഗരസഭയിലെ ആരോഗ്യ വിഭാഗം സ്ഥിരം സമിതി വിളിച്ചു ചേർത്ത അടിയന്തര അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷയായി.
വെള്ളി, ശനി ദിവസങ്ങളിൽറസിഡൻസ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് വാർഡ് തലത്തിൽ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. നഗരസഭ സെക്രട്ടറിയെയും ഹെൽത്ത് സൂപ്പർവൈസറെയും ഇതിനായി ചുമതലപ്പെടുത്തി.

നിപ രോഗബാധയെ സംബന്ധിച്ചും ഇതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ആർ.എം.ഒ ഡോ. സിറിയക് ക്ലാസുകൾ എടുത്തു. നിപ, ഡെങ്കിപ്പനി, എച്ച്1 എൻ1 തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിന് നഗരസഭ തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും മേയർ നിർദ്ദേശം നൽകി. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വാർഡ് അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് രണ്ട് ശുചീകരണ തൊഴിലാളികളെ വീതം സി.എൽ.ആർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. നിപരോഗ ബാധയുടെ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുവാൻ ഓരോ ആശുപത്രികളിലും പ്രത്യേകം കൗണ്ടറുകൾ തുറക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മേയർ പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തിൽ രോഗബാധയ്‌ക്കെതിരെ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടർ മുഹമ്മദ് വൈ. സഫറുള്ള പറഞ്ഞു. ഇതിനായി കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്കായുളള ഹെൽപ്പ് ലൈൻ നമ്പർ 1077

അവലോകന യോഗത്തിൽ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ.ബി. സാബു, പി.എം. ഹാരിസ്, ഗ്രേസി ജോസഫ്, കെ.വി.പി കൃഷ്ണകുമാർ, പ്രതിഭാ അൻസാരി, പ്രതിപക്ഷ നേതാവ് കെ. ജെ. ആന്റണി, ആർ.ഡി.ഒ സ്‌നേഹിൽ കുമാർ, നഗരസഭാ സെക്രട്ടറി ആർ. രാഹേഷ് തുടങ്ങിയവർ പങ്കെടുത്തു.