മൂവാറ്റുപുഴ: കിഴക്കൻ മേഖലയ്ക്ക് കായികമേഖലയിൽ പുത്തൻ പ്രതീക്ഷയേകി മൂവാറ്റുപുഴ പി.പി. എസ്‌തോസ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം നിർമിക്കും. കിഫ്ബിയിൽ നിന്ന് ഇതിനായി 32.55 കോടി രൂപയ്ക്ക് അംഗീകാരം ലഭിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ഇന്നലെ ചേർന്ന കിഫ്ബി എക്‌സിക്യുട്ടീവ് യോഗമാണ് അംഗീകാരം നൽകിയത്.
കിറ്റ്‌കോ തയ്യാറാക്കിയ രൂപരേഖയിൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ, ബാസ്‌കറ്റ്, ടെന്നീസ്, വോളിബാൾ കോർട്ടുകളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം എട്ട് ലൈൻ സിന്തറ്റിക് ട്രാക്കും ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കുമുള്ള ഹോസ്റ്റലും ഒരുക്കും.
കായികമേഖലയ്ക്ക് കുതിപ്പാകും
മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എയും നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരനും കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജന് നിവേദനം നൽകിയിരുന്നു. നിരവധി കായികതാരങ്ങൾ പരിശീലനത്തിനും മറ്റും മുനിസിപ്പൽ സ്റ്റേഡിയത്തെയാണ് ആശ്രയിച്ചിരുന്നത്. കിഴക്കൻ മേഖലയിലെ ആദ്യ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതോടെ കായികമേഖലയ്ക്ക് പുത്തനുണർവാകും.
കലൂർ ജവഹർലാൽ നെഹ്രു ഇന്റർ നാഷണൽ സ്റ്റേഡിയം കഴിഞ്ഞാൽ രണ്ടാമത്തെ വലിപ്പമുള്ള സ്റ്റേഡിയമാണ് മൂവാറ്റുപുഴയിൽ നിർമ്മിക്കുന്നത്. ഇപ്പോൾ ഇ ഇ സി മാർക്കറ്റിനു സമീപം പത്തേക്കറിലായി വ്യാപിച്ചുകിടക്കുന്ന സ്റ്റേഡിയം ഇൻഡോർ സ്റ്റേഡിയമായി നിർമിക്കും.
പതിറ്റാണ്ടിലേറെ പഴക്കമുള്ള പദ്ധതി
2008ലാണ് ആധുനിക സ്റ്റേഡിയം നിർമാണത്തിന് പദ്ധതി തയാറാക്കിയതും പ്രവർത്തനങ്ങൾ ആരംഭിച്ചതും. സ്റ്റേഡിയം നിർമാണത്തിന് ഇതുവരെ 6.36 കോടി രൂപ ചെലവായി. അന്നത്തെ കായിക മന്ത്രി എം. വിജയകുമാർ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് പ്രാരംഭ നിർമാണത്തിന് നാലുകോടി രൂപ അനുവദിച്ചിരുന്നു. ഇതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചത്. കേന്ദ്രസ്‌പോർട്‌സ് കൗൺസിലും 10 ലക്ഷം രൂപ നൽകി. പവലിയൻ നിർമാണത്തിന് 2.26 കോടി രൂപയും അനുവദിച്ചു. ഇതിൽ 1.26 കോടി എം.എൽ.എയും ശേഷിക്കുന്ന ഒരു കോടി നഗരസഭയുമാണ് അനുവദിച്ചത്. ഗ്രൗണ്ട് പുല്ല് പിടിപ്പിച്ച് മനോഹരമാക്കുന്ന ജോലിയും ഇതിനോടകം പൂർത്തിയായി. 25,000 പേർക്കിരുന്ന് മത്സരം കാണാവുന്ന തരത്തിലാണ് ഗാലറി നിർമിച്ചിട്ടുള്ളത്. ഇൻഡോർ സ്റ്റേഡിയം പൂർത്തിയാകുന്നതോടെ ദേശീയ നിലവാരത്തിലുള്ള നിരവധി കായിക മത്സരങ്ങൾക്ക് മൂവാറ്റുപുഴ വേദിയാകും.