hmc
വ്യക്തമായ വിവരങ്ങളില്ലാതെ രോഗികൾക്ക് നൽകിക്കൊണ്ടിരുന്ന കൂപ്പൺ

ആലുവ: മാനേജ്‌മെന്റ് കമ്മിറ്റിയുടെ പേരിൽ ആലുവ ജില്ലാ ആശുപത്രിയിൽ ആശുപത്രിയിൽ രോഗികളിൽ നിന്ന് രസീതില്ലാതെ ഈടാക്കിയിരുന്ന പണപ്പിരിവിന് ജില്ലാ പഞ്ചായത്ത് ജനറൽ കമ്മിറ്റിയുടെ റെഡ് സിഗ്നൽ. ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടന്റെ പരാതിയെ തുടർന്നാണ് നടപടി.

അമ്പത് രൂപയുടെയും നൂറ് രൂപയുടെയും കൂപ്പണുകളാണ് രോഗികൾക്ക് പേരും തീയതിയും സീലും ഇല്ലാതെ ആശുപത്രി അധികൃതർ നൽകിയിരുന്നത്. ഇതിലെ ക്രമക്കേടുകൾ തെളിവുസഹിതം അസ്ലഫ് പാറേക്കാടൻ കമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോൾ കൃത്യമായ മറുപടി പറയാൻ ആശുപത്രി സൂപ്രണ്ടിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ബില്ലില്ലാതെയുള്ള പണപ്പിരിവ് അടിയന്തിരമായി അവസാനിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്തത്. പണമിടപാടുമായി ബന്ധപ്പെട്ട് രോഗികൾക്ക് നൽകുന്ന എല്ലാ ബില്ലുകളിലും രോഗിയുടെ പേരും തീയതിയും സീലും ടെസ്റ്റിന്റെ വിവരങ്ങളും രേഖപ്പെടുത്തണമെന്ന് ആശുപത്രി സുപ്രണ്ടിനോട് കമ്മിറ്റി നിർദ്ദേശിച്ചു.

ജില്ലാ ആശുപത്രിയിലെ പ്രവർത്തനങ്ങൾ സുതാര്യമായിരിക്കുമെന്നും ബില്ലിംഗ് സംവിധാനത്തിലെ ആക്ഷേപങ്ങൾ പരിഹരിച്ച വ്യക്തമായ വിശദാംശങ്ങൾ രേഖപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അറിയിച്ചു.