കൊച്ചി:എറണാകുളം ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ വിവിധ വകുപ്പുകൾ യോജിച്ചു മുൻകരുതൽ ജോലികൾ ഉൗർജിതമാക്കി. വിവിധ വകുപ്പുകളുടെ നിപ പ്രതിരോധം ജില്ലാ കൺട്രോൾ റൂം വഴിയായിരിക്കണമെന്ന് ഇന്നലെ ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശിച്ചു.
യോഗത്തിലെ തീരുമാനങ്ങൾ
വനം, മൃഗസംരക്ഷണം, തൊഴിൽ വകുപ്പുകൾ പ്രത്യേകം ശ്രദ്ധ പുലർത്തണം.
മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയുണ്ടായ അസ്വാഭാവിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണം.
വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവർത്തകർ എല്ലാ ദിവസവും ഫോൺ മുഖേന ബന്ധപ്പെടും.
നിരീക്ഷണത്തിലുള്ളവർക്ക് വേണ്ടി 21 ദിവസത്തേക്ക് പ്രത്യേക കർമ്മ പദ്ധതി.
ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും ജീവനക്കാർക്ക് ഇന്ന് പരിശീലനം.
ആയുർവേദ, ഹോമിയോ വകുപ്പുകൾ പനി, മറ്റു ഗുരുതര ലക്ഷണങ്ങളോടെ എത്തുന്നവരെ അലോപ്പതി സംവിധാനത്തിലേക്ക് റഫർ ചെയ്യണം.
പന്നിവളർത്തു കേന്ദ്രങ്ങളിലും മറ്റും വവ്വാലുകളുമായി നേരിട്ടുള്ള ബന്ധം ഉണ്ടാകാത്ത രീതിയിലുള്ള സുരക്ഷ ഒരുക്കണം.
ഫാമുകളെ പ്രത്യേകം നിരീക്ഷണത്തിൽ വെക്കണം.
വനം വന്യജീവി വകുപ്പും നിരീക്ഷണം ശക്തമാക്കണം.
ഇതരസംസ്ഥാന തൊഴിലാളികളിലും നിരീക്ഷണം
ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തൊഴിൽ വകുപ്പ് നിരീക്ഷണം ശക്തമാക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ ഇവരുടെ ക്യാമ്പുകൾ സന്ദർശിച്ച് രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കും. അവരുടെ ഭാഷയിൽ ബോധവത്കരണ പോസ്റ്ററുകൾ പ്രദർശിപ്പിക്കും.