പറവൂർ : നിപ വൈറസ് രോഗബാധിച്ച യുവാവിന്റെ നാടായ പറവൂരിൽ 18 പേർ നിരീക്ഷണത്തിൽ. യുവാവുമായി അടുത്തിടപെട്ടവരെയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നത്.
സുഹൃത്തുക്കളായ 9 പേരെ ഒരു വീട്ടിൽ പാർപ്പിച്ചിട്ടുണ്ട്. ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല. ആദ്യം യുവാവിനെ പരിശോധിച്ച ഡോക്ടർമാരും പ്രവേശിപ്പിച്ച ആശുപത്രിയിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. പനിയോ മറ്റ് അസ്വസ്ഥകളോ ഉണ്ടെങ്കിൽ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നും അധികൃതർ പറഞ്ഞു.
അസ്വസ്ഥതകളുണ്ടെങ്കിൽ വിളിക്കുന്നതിനായി എല്ലാവർക്കും ടോൾ ഫ്രീ നമ്പർ നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷീജയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യുവാവിന്റെ വീട് സ്ഥിതിചെയ്യുന്ന തുരുത്തിപ്പുറത്ത് എത്തിയിരുന്നു. സമീപവാസികളായവരെ നേരിൽക്കണ്ടു ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്ന് അറിയിച്ചു. സംശയങ്ങൾക്കു മറുപടി നൽകി. കൈകൾ വൃത്തിയായി കഴുകണമെന്നും പക്ഷികൾ കടിച്ച പഴവർഗങ്ങൾ കഴിക്കരുതെന്നും നിർദേശിച്ചു.
നിരീക്ഷണവലയത്തിൽ ഇല്ലാത്തവർക്ക് പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ സ്വയം ചികിൽസിക്കരുതെന്നും സമീപത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രദേശത്തുണ്ടായിരുന്ന ഗർഭിണിയായ യുവതിയെ മാറ്റിപ്പാർപ്പിച്ചു. നിപ്പ വൈറസ് ബാധയാണെന്ന് സംശയം ഉയർന്നിട്ടും ആരോഗ്യപ്രവർത്തകർ ഒരു തവണമാത്രമേ സമീപവസികൾക്കിടയിൽ എത്തിയുള്ളൂ എന്നു പരാതിയുണ്ട്. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കായി ഏഴിക്കരയിൽ ജില്ലാ ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്.
പരിശോധന വേണമെന്ന് നാട്ടുകാർ
നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉറവിടം സംബന്ധിച്ച പരിശോധന വടക്കേക്കരയിലെ തുരുത്തിപ്പുറത്ത് നടത്തണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു. യുവാവുമായി അടുത്തിടപെട്ട സുഹൃത്തുക്കളും ഇതേ ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്. യുവാവിന്റെ വീടിന്റെ പരിസരം ധാരാളം വവ്വാലുകൾ ഉള്ള സ്ഥലമാണ്. വീട്ടുവളപ്പിലെ മാങ്ങകൾ തിന്നാൻ ഇവ എത്താറുണ്ട്. ഈ മാങ്ങകൾ യുവാവും തങ്ങളും കഴിച്ചിട്ടുണ്ടെന്നു സുഹൃത്തുക്കൾ പറയുന്നു. തൃശൂരിലേക്കു പോകുന്നതിന് മുമ്പും പനി ബാധിച്ച ശേഷം യുവാവ് വീട്ടിലുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.