nayathode
അങ്കമാലി നായത്തോട് കവലയിൽ അപകട ഭീഷണി ഉയർത്തുന്ന മുന്നറിയിപ്പില്ലാത്ത മീഡിയനുകൾ

അങ്കമാലി:എം.സി.റോഡിൽ നായത്തോട് കവലയിലെ മീഡിയനുകൾ വൻ അപകടം ക്ഷണിച്ചു വരുത്തുന്നതായി നാട്ടുകാരുടെ പരാതി. അങ്കമാലിയിൽ നിന്നും എയർപോർട്ടിലേക്ക് പോകുന്ന പ്രധാന റോഡിന്റെ കവാടമായതിനാലാണ് ഇവിടെ ഇരുവശത്തും മീഡിയനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒന്നരയടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന മീഡിയനുകൾക്ക് സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ വാഹനം ഇടിച്ചു കയറിയുള്ളഅപകടം സാധാരണമാണ്.കാലടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വളവു തിരിയുമ്പോൾ തന്നെ മീഡിയൻ എത്തുന്നതിനാൽ വേഗതയിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതാണ് അപകടം സൃഷ്ടിക്കുന്നത്. അങ്കമാലി ഭാഗത്തു നിന്നും വരുന്നവർ ടൗണിലെ ട്രാഫിക്ജാം കഴിഞ്ഞ് വേഗത്തിൽ വരുന്നതിനാലും,​ ഈ പ്രദേശം ഇറക്കമായതിനാലും വാഹനങ്ങൾക്ക് മീഡിയൻ തിരിച്ചറിയാവുന്നഅടയാളങ്ങളൊ സൂചനാ ബോർഡുകളൊ ഇല്ലാത്തതിനാലും അപകടം ഉണ്ടാകുന്നു.വാഹനങ്ങൾ മീഡിയനിൽ ഇടിച്ച് മറിയുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോൾ പിറകിൽ മറ്റു വാഹനങ്ങൾ ഇടിക്കുന്നതും ഇവിടെ പതിവാണ്. കൂടുതലായും രാത്രിയിലാണ് ഇവിടെ അപകടങ്ങൾ നടക്കുന്നത്. പ്രദേശത്ത് രാത്രിയിൽ മറ്റു വെളിച്ചങ്ങൾ ഇല്ലാത്തതിനാൽ തൊട്ടടുത്ത് എത്തുമ്പോഴാണ് ഡ്രെെവർമാർ മീഡിയനുകൾ കാണുന്നത്. വിവിധ സ്‌കൂളുകൾ ഉള്ളതിനാൽ ഇന്നി മുതൽ ഇതിലൂടെ സൈക്കിൾ യാത്രികരും , കാൽനടയാത്രികരുമായ വിദ്യാർത്ഥികളുടെ തിരക്കായിരിക്കും. ഇതുകൂടി കണക്കിലെടുത്ത് വൻഅപകടങ്ങൾക്ക് കാത്തു നില്ക്കാതെ സൂചനാ ബോർഡുകൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കി സുരക്ഷിത യാത്ര ഒരുക്കാൻനടപടി സ്വീകരിക്കണം.

അങ്കമാലിയിൽ നിന്ന് വരുന്നവർക്ക് രാത്രികാലങ്ങളിൽ മീഡിയനുകൾ തിരിച്ചറിയുന്നതിനായി സമീപത്തുള്ള മീൻ കച്ചവടക്കാരൻ ഒരു തെർമോകോൾ പെട്ടി മീഡിയനിൽ വച്ച് അതിൽ ഫ്‌ലൂറസെന്റ് സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.