കൊച്ചി: വിൽപനയ‌്ക്കായി എത്തിച്ച 175 ഗ്രാം ചരസുമായി കാക്കനാട‌് പാട്ടുപുരയ‌്ക്കൽ പരപ്പയിൽ അൻവറിനെ (31)എക്‌സൈസ് പിടികൂടി. ആവശ്യക്കാരെന്ന വ്യാജേന ഇയാളെ സമീപിച്ച എക‌്സൈസ‌് സംഘം 75,000 രൂപയ‌്ക്ക‌് കച്ചവടം ഉറപ്പിച്ചു. കാക്കനാട‌് എൻ.ജി.ഒ ക്വാർട്ടേഴ‌്സിനു സമീപം ചരസുമായി എത്തിയപ്പോൾ അറസ‌്റ്റ‌് ചെയ്യുകയുമായിരുന്നു. വിദ്യാർത്ഥികൾക്ക‌് വിൽക്കാൻ ലക്ഷ്യമിട്ട‌് എത്തിച്ചതാണ‌് ചരസെന്ന‌് എക‌്സൈസ‌് പറഞ്ഞു. അഞ്ചു ഗ്രാം വീതമുള്ള പാക്കറ്റിലാക്കി ഒന്നിന‌് 5,000 രൂപ നിരക്കിലായിരുന്നു വിൽപന.
വിനോദസഞ്ചാര കേന്ദ്രങ്ങളായ മണാലി, ഗോവ എന്നിവിടങ്ങളിൽനിന്ന‌് വൻതോതിൽ മയക്കുമരുന്ന‌് എത്തിച്ച‌് ചില്ലറ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ‌് ഇയാളെന്നാണ‌് വിവരം.
2016ൽ ഫോർട്ട‌്കൊച്ചി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തി തോപ്പുംപടിയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയ‌്ക്കടിയിൽ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ അൻവറിനെ പൊലീസ‌് അറസ‌്റ്റ‌്ചെയ‌്തിരുന്നു.
എക‌്സൈസ‌് റേഞ്ച് ഇൻസ‌്പെക്ടർ ടി.ജി.കൃഷ‌്ണകുമാറിന്റെ നേതൃത്വത്തിൽ അസി. എക‌്സൈസ‌് ഇൻസ‌്പെക്ടർ വി.അനിൽകുമാർ, പ്രിവന്റീവ‌് ഓഫീസർമാരായ ടി.എൻ.അജയകുമാർ, എം.ടി.ഹാരിസ‌്, സിവിൽ എക‌്സൈസ‌് ഓഫീസർ ടബിൻമോൻ, ദീപു തോമസ‌് എന്നിവരുൾപ്പെട്ട സംഘമാണ‌് അൻവറിനെ അറസ‌്റ്റ‌്ചെയ‌്തത‌്. കോടതിയിൽ ഹാജരാക്കി.