പെരുമ്പാവൂർ: ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് പരിശോധിക്കാൻ കഴിയുന്ന ഉപകരണം കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ എല്ലാ സബ് സെന്ററുകളിലും ഒരുക്കുന്നതോടെ ഇത് പ്രാവർത്തികമാക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്താകാനുള്ള ശ്രമത്തിലാണ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്ത് നടപ്പിലാക്കുന്ന ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് ഉപകരണം വിതരണം ചെയ്യുന്നത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന 6 പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് ശ്വാസകോശ രോഗം മുൻകൂട്ടി കണ്ടെത്താൻ കഴിയുന്ന സ്‌പൈറോ മീറ്റർ, റെസ്പി റോമീറ്റർ, ഫ്ളോമീറ്റർ എന്നിവ വിതരണം ചെയ്തു. ജീവിതശൈലീ രോഗനിർണയത്തിനുള്ള സൗകര്യങ്ങൾ നിലവിൽ എല്ലാ സബ് സെന്ററുകളിലുമുണ്ട്. ഇവിടെ രക്തസമ്മർദ്ദം അളക്കാനും ഷുഗർ ലെവൽ പരിശോധിക്കാനും സൗകര്യമുണ്ട്.