ആലുവ: കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോ പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് താത്കാലികമായി മാറുന്നതിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി എ.ടി.ഒ അറിയിച്ചു.

ശനിയാഴ്ച മുതലാണ് മാറ്റമുണ്ടാകുന്നത്. ഡിപ്പോയിലൂടെ കയറി ഇറങ്ങുന്ന എല്ലാ സർവീസുകളും ഇനിമുതൽ ഡിപ്പോയ്ക്ക് മുന്നിലൂടെ കടന്നുപോകും. ഡിപ്പോയ്ക്ക് മുന്നിൽ നിന്ന് ആളെ കയറ്റി ഇറക്കി ബോർഡ് മാറ്റും. തുടർന്ന് സ്വകാര്യ സ്റ്റാൻഡിലെത്തി പുതിയ ട്രിപ്പ് ആരംഭിക്കും. യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും കയറാം. എല്ലാ ഓർഡിനറി ബസുകളും മുനിസിപ്പൽ സ്റ്റാൻഡിൽ കയറും.

മറ്റ് ക്രമീകരണങ്ങൾ:

* പെരുമ്പാവൂർ ഭാഗത്ത് നിന്ന് ആലുവയിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ആളെ ഇറക്കി ബോർഡ് മാറ്റും. പിന്നീട് സ്വകാര്യ സ്റ്റാൻഡിലെത്തി ബാങ്ക് കവല , പമ്പുകവല ചുറ്റി പെരുമ്പാവൂർക്ക് പുതിയ ട്രിപ്പ് ആരംഭിക്കും.

* തൃപ്പൂണിത്തുറയിൽ നിന്ന് വരുന്ന ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് തുടങ്ങി ബാങ്ക് കവല, പമ്പ് കവല വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻവശത്തുകൂടി യാത്രതുടരും.

* അങ്കമാലി, മാള എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ ബോർഡ് മാറ്റി നിലവിൽ ഉള്ളതുപോലെ യാത്രതുടരും.

* പറവൂർ ഭാഗത്ത് നിന്നുള്ള ബസുകൾ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുൻവശത്ത് നിന്ന് യാത്രക്കാരെ കയറ്റി ഇറക്കി ബോർഡ് മാറ്റി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോകും. അവിടെ നിന്ന് നിലവിലുള്ളതുപോലെ യാത്രതുടരും.

* കീഴ്മാട്, തണ്ടരിക്കൽ, വെളിയത്തുനാട് ബസുകൾ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് തുടങ്ങുന്ന ട്രിപ്പിന്റെ ബോർഡ് വെച്ച് സ്വകാര്യ ബസ് സ്റ്റാൻഡിലെത്തി അവിടെ നിന്ന് സർവീസ് ആരംഭിക്കും.