മൂവാറ്റുപുഴ: നിർമ്മാണത്തിലെ വൈകല്യങ്ങളാൽ, പാലാരിവട്ടം മേൽപ്പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നും അറ്റകുറ്റപ്പണി വിജയിച്ചില്ലെങ്കിൽ പുനർനിർമ്മിക്കണമെന്നും വിജിലൻസ് അന്വേഷണസംഘം റിപ്പോർട്ട് നൽകി
ഇതിന്റെ ചെലവ് നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്‌ട് പ്രൈവറ്റ് ലിമിറ്റഡ് വഹിക്കണം. തീരെ നിലവാരം കുറഞ്ഞ നിർമ്മാണമാണ് നടന്നതെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പ്രഥമവിവര റിപ്പോർട്ടിനൊപ്പം സമർപ്പിച്ച ശുപാർശയിൽ പറയുന്നു.
പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ചെന്നൈ ഐ.ഐ.ടി പല ഗർഡറുകളിലും തൂണുകളിലും വിവിധ തരത്തിലുള്ള വിള്ളലുകളും പൊട്ടലുകളും കണ്ടെത്തി. സ്ഥാനം മാറിയ നിലയിലാണ് ബെയറിംഗുകൾ. വിള്ളലുകളിൽ നടത്തിയ പരീക്ഷണത്തിൽ ബലക്ഷയം ശരിവച്ചിട്ടുണ്ട്. വിള്ളലുകൾ അകലുന്നതായി കണ്ടെത്തി.
പാലത്തിന്റെ ഉദ്‌ഘാടനത്തിന് തൊട്ടു പിന്നാലെ റോഡിലെ ടാറിംഗ് വിണ്ടുകീറുകയും തൂണുകളിലും ഗർഡറുകളിലും പൊട്ടലുകൾ രൂപപ്പെടുകയും ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം.
പൊതുമരാമത്ത് മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈ.എസ്.പി ആർ. അശോക് കുമാർ പ്രാഥമികാന്വേഷണം നടത്തിയത്. ഗുരുതര ക്രമക്കേടുണ്ടെന്ന റിപ്പോർട്ട് വിജിലൻസ് ഡയറക്‌ടർ അംഗീകരിച്ച് കേസെടുക്കാൻ നിർദ്ദേശിച്ചതോടെ ഇന്നലെ എഫ്.ഐ.ആർ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിന് വിജിലൻസ് എസ്.പി കാർത്തിക് മേൽനോട്ടം വഹിക്കും. അറ്റകുറ്റപ്പണികൾക്കായി പാലം ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്.
പാലം ഭീഷണി
നിയന്ത്രിക്കാനാവാത്ത വാഹനങ്ങളുടെ ഭാരവും ഗതാഗതവും പാലത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. അപാകത മാറ്റാൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പാലം ജനങ്ങളുടെ ജീവന് ഭീഷണിയായി നിലനിൽക്കുന്നത് അനുവദിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിജിലൻസ് കണ്ടെത്തൽ
തെറ്റായ രൂപകല്പന
നിലവാരമില്ലാത്ത കോൺക്രീറ്റ്
മേൽനോട്ടത്തിലെ അലംഭാവം
നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളും കുറ്റക്കാർ
നിലവിലെ 4 പ്രതികൾ
1. സുമിത് ഗോയൽ (ആർ.ഡി.എസ് പ്രോജക്ട് മാനേജിംഗ് ഡയറക്‌ടർ), 2. നാഗേഷ് കൺസൾട്ടൻസി ബംഗളൂരു (ഡിസൈനർ), 3. കിറ്റ്കോ ഓഫീസർമാർ (കൺസൾട്ടൻസി), 4. റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫീസർമാർ (നടത്തിപ്പ് ചുമതല)