ജില്ലാ കൺട്രോൾ റൂം നമ്പർ 1077

കൊച്ചി: നിപ സ്ഥിരീകരിച്ച വിവരം പങ്കുവച്ചതിന് തൊട്ടുപിന്നാലെ ജില്ലയിൽ കനത്ത ജാഗ്രത. രോഗം സ്ഥിരീകരിച്ച യുവാവിന്റെ നാടായ വടക്കേക്കര പഞ്ചായത്തുൾപ്പെടുന്ന ഏഴിക്കര ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക പരിശീലനം നൽകി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണ പരിപാടിയിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യ കെ.ആർ. ക്ലാസെടുത്തു..

ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷീജ എൻ.എ യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വടക്കേക്കരയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

പനിബാധിതരായി എത്തുന്ന രോഗികളെ പരിചരിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഒരുക്കേണ്ട സജ്ജീകരണങ്ങൾ എന്നിവ സംബന്ധിച്ച് മുഴുവൻ ജീവനക്കാർക്കും ബോധവത്കരണം നൽകും.

പനി ബാധിച്ച കാലയളവിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തും.

311 പേർ നിരീക്ഷണത്തിൽ

നിപ സംശയത്തിന്റെ പേരിൽ 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടിൽ തന്നെ കഴിയുവാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കൺട്രോൾ റൂമിൽ നിന്നും നേരിട്ട് ഫോണിൽ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരിൽ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 4 പേരെ വിദഗ്ദ്ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. 3 പേർ രോഗിയെ ആശുപത്രിയിൽ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാൾ രോഗിയോടൊപ്പം പഠിച്ച വിദ്യാർത്ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.

ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു ജില്ലകളിലുള്ളവരെ അതാത് ജില്ലയിൽ നിന്നും നിരീക്ഷണം നടത്തും. നിപ നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വിവിധ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി.
കോഴിക്കോട് നിപ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അന്നത്തെ ജില്ലാ കളക്ടർ യു.വി. ജോസ്, കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്‌ഗോപകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എന്നിവർ ജില്ലാ കൺട്രോൾ റൂമിലെത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.

രോഗിയുമായി ഇടപെട്ടവരുടെ കൃത്യമായ ലിസ്റ്റ് ശാസ്ത്രീയമായി തയ്യാറാക്കണമെന്ന് യു.വി. ജോസ് നിർദേശിച്ചു. രോഗികളെയും രോഗം സംശയിക്കുന്നവരെയും ചികിത്സയ്ക്കായി കൊണ്ടു പോകുവാൻ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ഛ് കോഴിക്കോട് അനുവർത്തിച്ച സംവിധാനങ്ങൾ പങ്കു വെച്ചു.

ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപിഡെമിയോളജിയിൽ നിന്നുമുള്ള ശാസ്ത്രജ്ഞന്മാരായ ഡോ. തരുൺ, ഡോ. ആരതി, ഡോ. ഹരി എന്നിവരും കൺട്രോൾ റൂം സന്ദർശിച്ചു.