വൈപ്പിൻ: ജില്ലയിൽ നിപ ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം,ഞാറക്കൽ, എളങ്കുന്നപ്പുഴ, മുളവുകാട് ഗ്രാമപഞ്ചായത്തുകളിലെ മെഡിക്കൽ ഓഫീസർമാർ , പൊതുജനാരോഗ്യപ്രവർത്തകർ എന്നിവർ മാലിപ്പുറം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ഒത്തുകൂടി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സെലിൻ ടെൻസി അദ്ധ്യക്ഷത വഹിച്ചു. നിലവിലെ ആരോഗ്യ അവസ്ഥ സംബന്ധിച്ച റിപ്പോർട്ടുകൾ വിശകലനം ചെയ്തു. ജനങ്ങളെ ആശങ്കയിലാഴ്ത്താത്തവിധം ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ തീരുമാനിച്ചു. പനി ഉൾപ്പെടെയുള്ള രോഗവിവരങ്ങൾ ശേഖരിക്കും. യഥാസമയം ചികിത്സ ലഭിക്കുമെന്ന് ഉറപ്പാക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം കെ കുട്ടപ്പന്റെ നേതൃത്വത്തിൽ ലഭിച്ച നിർദേശം അടിയന്തിരമായി നടപ്പാക്കും. പനി, ശ്വാസകോശ സംബന്ധമായ അസ്വസ്ഥത, തലവേദന, സ്ഥലകാല ബോധം നഷ്ടപെടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ഉറപ്പാക്കണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.