പെരുമ്പാവൂർ: പൊതു വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഗുണമേൻമയുള്ള വിദ്യാഭ്യാസം തകർക്കുന്ന ഖാദർകമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കാനാരംഭിച്ചതിൽ പ്രതിഷേധിച്ച് ജില്ലാതലത്തിലും സബ് ജില്ലാതലങ്ങളിലും നടക്കുന്ന സ്‌കൂൾ പ്രവേശനോത്സവങ്ങൾ ബഹിഷ്‌കരിക്കാൻ എറണാകുളം ജില്ലാ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി തീരുമാനിച്ചു. ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്‌ നടത്താനുദ്ദേശിക്കുന്ന സ്‌കൂൾ തല പ്രവേശനോത്സവങ്ങൾ പൂർണമായും ബഹിഷ്‌കരിക്കും .
സ്‌കൂൾ തുറക്കുന്ന 6ന് കരിദിനമാചരിക്കുന്നതിനും വൈകിട്ട് 4 മണിക്ക് കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധസംഗമം നടത്തുന്നതിനും തീരുമാനിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ നിന്ന് പിൻമാറുന്നതു വരെ നിസ്സഹകരണ സമരം തുടരുവാനുമാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ തീരുമാനം. പെരുമ്പാവൂർ എം.എൽ എ ക്യാമ്പ് ഓഫീസിൽ കൂടിയ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജാക്‌സൺ ദാസ് അദ്ധ്യക്ഷത വഹിച്ചു.
എസ്. സന്തോഷ്, ഷെറിൾ ജേക്കബ്, എം.വി. അഭിലാഷ്, ബി. ഗോപകുമാർ, കുര്യാക്കോസ് .ടി. ഐസക്, സുമിഷ.ടി.എസ്, കെ.എ.നൗഷാദ്, പി. രഘു , നൗഫൽ.കെ.എം , എം.എം. നാസർ, റോയി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജാക്‌സൺ ദാസ് (ചെയർമാൻ), ഫ്രാൻസിസ് ജോർജ് (വൈസ് ചെയർമാൻ), ഡോ.എസ്. സന്തോഷ് (കൺവീനർ), റോയി സെബാസ്റ്റ്യൻ, സി. എസ്. സിദ്ധിക്ക്, പി.രഘു.(ജോയിന്റ് കൺവീനർമാർ ),ബി. ഗോപകുമാർ (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.