കൊച്ചി : കൊച്ചി നഗരസഭയിലെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ബൈജു തോട്ടാളിയെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ഹർജി തീർപ്പാകും വരെ ബാലറ്റ് പേപ്പറുകൾ സൂക്ഷിക്കണമെന്ന ഹർജിയിലെ ഇടക്കാല ആവശ്യവും ഹൈക്കോടതി അനുവദിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ചട്ടവിരുദ്ധമാണെന്നാരോപിച്ച് കോർപ്പറേഷൻ കൗൺസിലർ ഹേമ പ്രഹ്ളാദൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കോർപ്പറേഷൻ കൗൺസിലറായിരുന്ന എം. പ്രേമചന്ദ്രന്റെ മരണത്തെത്തുടർന്നാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഒഴിവു വന്നത്. ഇതിലേക്ക് ബൈജു തോട്ടാളിയും ഹേമ പ്രഹ്ളാദനുമാണ് മത്സരിച്ചത്. ബാലറ്റിൽ ആർക്കെങ്കിലും ഒരാൾക്ക് വോട്ടു ചെയ്യുന്നതിന് പകരം ഒന്ന്, രണ്ട് എന്നിങ്ങനെ മുൻഗണനാ വോട്ടുകൾ ചെയ്യാനാണ് റിട്ടേണിംഗ് ഒാഫീസർ നിർദേശിച്ചതെന്നും ഇതു ചട്ടവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഒരു ഒഴിവിലേക്ക് തിരഞ്ഞെടുപ്പു നടത്തുമ്പോൾ മുൻഗണനാ വോട്ടിംഗ് ആവശ്യമില്ലെന്നിരിക്കെ ബൈജു തോട്ടാളിയെ തിരഞ്ഞെടുത്ത നടപടി അസാധുവാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.