കൊച്ചി: നിപയെ പേടിക്കുകയല്ല, ജാഗ്രതയോടെ നേരിടുകയാണ് വേണ്ടത്. പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത് എന്ന ചൊല്ല് നിപയെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ശരിയാണ്. പനി, തലവേദന തുടങ്ങി വൈറൽ പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി ചികിത്സ തേടണം.
മുൻകരുതൽ
വവ്വാലുകളാണ് നിപയുടെ ഉറവിടം എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ വവ്വാലുകൾ ധാരാളമുളള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
നാടൻ ഫലങ്ങൾ ഏറെ ലഭിക്കുന്ന സമയം ആയതുകൊണ്ടു തന്നെ മുൻകരുതൽ അത്യാവശ്യമാണ്. താഴെ വീണതോ പൊട്ടലോ ഉള്ള മാങ്ങ, ചാമ്പയ്ക്ക, ഞാവൽ പോലുള്ള പഴങ്ങൾ കഴിക്കാതിരിക്കുക. വവ്വാൽ കടിച്ചിരിക്കാൻ സാധ്യതയുള്ളതു കൊണ്ടാണിത്.
വഴിയരികിൽ വിൽക്കുന്ന ഞാവൽ പഴങ്ങൾ വാങ്ങി ഉപയോഗിക്കാതിരിക്കുക.
പഴങ്ങൾ നന്നായി ഉപ്പുവെള്ളത്തിലോ വിനാഗിരിയിലോ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
മാമ്പഴം പോലെയുള്ളവ തൊലി കളഞ്ഞതിന് ശേഷം കഴിക്കുക.
പുറത്തുപോയി വന്നാൽ കൈയുടെ ഉൾവശവും പുറകുവശവും കൈവിരലുകളുടെ ഇടയിലും ഉൾപ്പെടെ സോപ്പിട്ട് കഴുകുക. ചുരുങ്ങിയത് 30 സെക്കന്റ് സമയമെങ്കിലും കൈ കഴുകാൻ എടുക്കേണ്ടതാണ്.
ഓർക്കുക
അണുബാധയുണ്ടായി അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക.
പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവ അപൂർവമായി പ്രകടിപ്പിക്കാം. ഇവയിലേതെങ്കിലും കണ്ടാലുടൻ ചികിത്സ തേടാൻ മടിക്കരുത്.
സംശയ നിവാരണത്തിനായി
കാൾ സെന്റർ നമ്പർ : 1077
ദിശ ഹെൽപ് ലൈൻ നമ്പരുകൾ: 1056, 0471 2552056