-nipah

പൂനെയിലെ പരിശോധനാഫലം നെഗറ്റീവ്

കൊച്ചി:കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ആറുപേർക്ക് നിപയില്ലെന്ന് പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ സ്ഥിരീകരിച്ചു. ഏഴാമത്തെയാളുടെ രക്തസാമ്പിൾ ഇന്നലെ പരിശോധനയ്‌ക്കയച്ചു.

നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാളുടെ നില തൃപ്തികരമാണെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ രോഗം വലുതായി വ്യാപിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട ആർക്കും നിപ ഇല്ലെന്നതാണ് ആശ്വാസത്തിന് കാരണം. എന്നാൽ മുൻകരുതൽ നടപടികളിൽ ഒരു മാറ്റവും വരുത്താറായിട്ടില്ല.ആശങ്ക ഒഴിഞ്ഞെങ്കിലും നിപ പകരാനുള്ള കാലയളവ് പൂർത്തിയാകുന്നതുവരെ ജാഗ്രത തുടരണം. പനി കുറയുന്നതിന് അനുസരിച്ച് ആറുപേരെയും ഐസൊലേഷൻ വാർഡിൽ നിന്ന് ഒബ്‌സർവേഷൻ വാർഡിലേക്ക് മാറ്റും. പൂർണമായും ഭേദപ്പെട്ട ശേഷമായിരിക്കും ഡിസ്ചാർജ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

ഉറവിടം കണ്ടെത്തിയില്ല

നിപ രോഗിയുമായി ഇടപഴകിയ 314 പേരുമായും ആരോഗ്യവകുപ്പ് ബന്ധപ്പെട്ടെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ പറഞ്ഞു. 55 പേരുടെ പൂർണ വിവരങ്ങൾ ശേഖരിച്ച് നടപടികൾ ആരംഭിച്ചു. രോഗിയുമായി അടുത്ത് ബന്ധപ്പെട്ട മൂന്നുപേരെ ഹൈ റിസ്‌ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലും പെടുത്തി നിരീക്ഷണം ശക്തമാക്കി. രോഗിയുമായി നേരിട്ട് ബന്ധപ്പെടുകയോ 12 മണിക്കൂറിലേറെ ഒരു മുറിയിൽ ഒരുമിച്ച് കഴിയുകയോ ചെയ്‌തവരാണ് ഹൈ റിസ്‌ക് വിഭാഗം. നിപ സ്ഥിരീകരിച്ച രോഗിയുടെ വീട്ടുകാരുമായി ആരോഗ്യപ്രവർത്തകർ നിരന്തരം ബന്ധപ്പെടുന്നുണ്ട്.
നിപ്പയുടെ ഉറവിടം കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് സംഘം പഠനം തുടരുകയാണ്. വവ്വാൽ വഴിയാണ് രോഗം വ്യാപിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. അത് സ്ഥിരീകരിക്കാൻ പഠനങ്ങൾ പൂർത്തിയാകണമെന്ന് മന്ത്രി പറഞ്ഞു.

ബോധവത്കരണത്തിന് കുടുംബശ്രീയും

നിപയെ നേരിടാൻ ആരോഗ്യ പ്രവർത്തകർ, പാരാമെഡിക്കൽ ജീവനക്കാർ, ഡോക്ടർമാർ, ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാപ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി. സർക്കാർ ആസുപത്രികളിലെ 30 ഡോക്ടർമാർക്കും 250 പാരാ മെഡിക്കൽ ജീവനക്കാർക്കും 10 ആംബുലൻസ് ഡ്രൈവർമാർക്കും സ്വകാര്യമേഖലയിലെ 190 ഡോക്ടർമാർക്കും പരിശീലനം നൽകി.

വ്യാജപ്രചരണം:രണ്ടു

പേർക്കെതിരെ കേസ്

നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ രണ്ടു പേർക്കെതിരെയുള്ള കേസ് സൈബർ മോണിറ്ററിംഗ് സംഘം പൊലീസിന് കൈമാറി. നിലവിൽ യോഗങ്ങൾ നടത്തുന്നതിനോ പൊതു, സ്വകാര്യ ചടങ്ങുകൾക്കോ യാത്രചെയ്യുന്നതിനോ വിലക്കില്ലെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.