കൊച്ചി : മാലിന്യം നിറഞ്ഞുകിടന്ന വടുതല പാലത്തിൽ ഒടുവിൽ പഞ്ചായത്ത് അധികാരികൾ മുൻകൈയെടുത്ത് ശുചീകരണം നടത്തി. പാലത്തിന്റെ വടക്കു ഭാഗത്തായി റോഡിനോട് ചേർന്ന് കുന്നുകൂടി കിടന്നിരുന്ന മുഴുവൻ മാലിന്യവും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. ചേരാനല്ലൂർ പഞ്ചായത്തു പ്രസിഡന്റ് സോണി ചിക്കു ഉൾപ്പടെയുള്ള സംഘം രാവിലെ മുതൽ തുടങ്ങിയ ശുചീകരണം ഉച്ചവരെ നീണ്ടു. മാംസവിശിഷ്ടങ്ങൾ ഉൾപ്പെടെ വൻ തോതിൽ മാലിന്യമാണ് പാലത്തിനോട് ചേർന്ന് കൊണ്ടിട്ടിരുന്നത്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ പഞ്ചായത്തു ഇവിടെ നിരീക്ഷണ കാമറ വച്ചിട്ടുണ്ടങ്കിലും പ്രയോജനം ഇല്ലാത്ത അവസ്ഥയാണ്. രാത്രി കാലങ്ങളിൽ വാഹനങ്ങളിലാണ് വൻതോതിൽ മാലിന്യം തള്ളുന്നത്. പഞ്ചായത്തു അധികൃതർ പലതവണ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല. ഇവിടെ രാത്രികാല പട്രോളിംഗ് നടത്തണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം കൊച്ചി കോർപ്പറേഷന്റെ പരിധിയിൽ നിന്നാണ് മാലിന്യങ്ങൾ കൂടുതലും കൊണ്ടുവന്ന് തള്ളുന്നതെന്നാണ് ആക്ഷേപം. ശുചീകരണം നടത്തി തൊട്ടുപിന്നാലെ മാലിന്യം കൊണ്ടിടുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്ന് നാട്ടുകാർ പറയുന്നു.