മൂവാറ്റുപുഴ: ചിണുങ്ങിയും ചിരിച്ചും അക്ഷരമുറ്റത്തെത്തിയ കുരുന്നുകൾക്ക് മധുരവും സമ്മാനങ്ങളും നൽകി സ്‌കൂൾ പ്രവേശനോത്സവത്തിന് വർണാണാഭമായ തുടക്കം. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലെ വിവിധ സ്‌കൂളുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അക്ഷരമുറ്റത്തേക്ക് എത്തിയത്. സ്‌കൂളുകൾ ബലൂണുകളും ബഹുവർണപേപ്പറുകളും കൊണ്ട് അലങ്കരിച്ചിരുന്നു. പേപ്പർ തൊപ്പികൾ, കളിപ്പാട്ടങ്ങൾ , മധുരം തുടങ്ങിയവ കരുതിയിരുന്നു. സ്‌കൂൾബാഗ്, പുസ്തകങ്ങൾ, നോട്ടുബുക്കുകൾ, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിലുകൾ എന്നിവയും കുരുന്നുകൾക്കായി വിവിധ സംഘടനകൾ ഒരുക്കിയിരുന്നു.
സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി മാറിയ പൊതുവിദ്യാലയങ്ങളിലേക്ക് പുതിയ അദ്ധ്യയനവർഷത്തിൽ വിദ്യാർത്ഥികൾ കൂടുതലായെത്തി.
പ്രവേശനോത്സവം പേഴയ്ക്കാപ്പിള്ളി സ്കൂളിൽ
മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം നിയോജക മണ്ഡലത്തിലെ ആദ്യ ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഹയർ സെക്കൻറി സ്‌കൂളിൽ നടന്നു. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൂവൽക്കിരീടവും മധുരപലഹാരവും നൽകി നവാഗതരെ എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു. ഈ സ്കൂളിലാണ് സർക്കാർ മേഖലയിൽ ഈ വർഷം ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത്. പ്രവേശനോത്സവത്തിനൊപ്പം ഈ വർഷം വിജയോത്സവവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ്, സ്‌കോളർഷിപ്പ് നേടിയ കുട്ടികളെ വിജയോത്സവത്തോട് അനുബന്ധിച്ച് ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സിജു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം സമ്മാനവിതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുറുമി ഉമ്മർ വിജയോത്സവ ഉപഹാര സമർപ്പണം നടത്തി. ബി.പി.ഒ എൻ.ജി. രമാവേദി, ഡി.ഇ.ഒ പത്മകുമാരി, വാർഡ് മെമ്പർമാരായ വി.എച്ച്. ഷെഫീഖ്, ആമിന മുഹമ്മദ്, എ.ഇ.ഒ ആർ. വിജയ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻചാർജ് ടി.ബി. സന്തോഷ്, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, ഹെഡ്മിസ്ട്രസ് എ.കെ. നിർമ്മല, സി.എൻ. കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു. പ്ളസ് വൺ കുട്ടികളുടെ പ്രവേശനോത്സവവും ഇത്തവണത്തെ പുതുമയായിരുന്നു.