കൊച്ചി:സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രന്റെ കരുതലിൽ ജില്ലയിലെ 150 ലധികം നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ കൈമാറി. സ്‌കൂൾ തുറക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് കമ്മിഷണർ ഒരു അറിയിപ്പ് പുറപ്പെടുവിച്ചത്. പുസ്‌തകങ്ങളും ബാഗും വാങ്ങാൻ ബുദ്ധിമൂട്ടുന്നവർക്ക് കൈതാങ്ങാകാം.സഹായം വേണ്ട കുട്ടികൾ നേരിട്ട് കമ്മിഷണറെ വിളിക്കണമെന്ന് മാത്രം. അവസാന ദിവസവും പുസ്‌തകം വാങ്ങാൻ ബുദ്ധിമൂട്ടുന്നവരാണ് സഹായം ലഭിക്കാൻ ഏറ്റവും അർഹരെന്ന് തിരിച്ചറിവായിരുന്നു പദ്ധതിക്ക് പിന്നിൽ.
ബുധനാഴ്ച ട്രാഫിക് വെസ്‌റ്റ് പൊലീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കമ്മിഷണർ എസ്. സുരേന്ദ്രൻ പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പി.സി.സജീവൻ, എറണാകുളം അസി. കമ്മിഷണർ എസ്. സുരേഷ്, സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ എസ്.ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കമ്മിഷണറുടെയും സന്നദ്ധരായ മറ്റ് ഉദ്യോഗസ്ഥരും ശമ്പളത്തിൽ നിന്ന് ഒരു വിഹിതം മാറ്റിവച്ചാണ് പദ്ധതിക്കുള്ള പണം കണ്ടെത്തിയത്. പദ്ധതി വിജയിച്ചതോടെ കോളേജ് വിദ്യാർത്ഥികളും സഹായം ചോദിച്ച് വിളിക്കുന്നുണ്ടെന്ന് കമ്മിഷണർ കേരളകൗമുദിയോട് പറഞ്ഞു. ഇക്കാര്യം അടുത്തദിവസങ്ങളിൽ പരിഗണിക്കും.