കൊച്ചി : എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ കീഴിലെ കടവന്ത്ര ശിശു പരിചരണ കേന്ദ്രത്തിൽ നിന്ന് നാലു കുട്ടികൾ സ്‌കൂളിലെത്തി.
വൈഷ്ണവിയും അനുഷ്മയും വൈഷ്ണവിയും ഒന്നാം ക്ലാസിലേക്കും ശ്രീജിത്ത് അംഗൻവാടിയിലേക്കുമാണ് പുത്തൻ വേഷവും കുടയും ചെരുപ്പുമായി ഒരുങ്ങിയിറങ്ങിയത്.
ആദ്യമായി സ്‌കൂളിൽ പോകുന്നതിന്റെ അങ്കലാപ്പൊന്നും ആർക്കുമില്ലായിരുന്നു. എല്ലാവരും നല്ല സന്തോഷത്തിൽ. പുസ്തകങ്ങൾ അടുക്കിവച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവയ്ക്കാനുള്ള ശ്രമത്തിലാണ് നാലുപേരും. സ്‌ക്കൂളിൽ പുതിയ കൂട്ടുകാരെ കിട്ടിയ ആവേശത്തിലാണ് കുട്ടിക്കൂട്ടം.
ശിശുക്ഷേമസമിതി ഓഫീസിനടുത്തുള്ള സെന്റ് അഗസ്റ്റിൻസ് യു.പി. സ്‌കൂളിലാണ് പഠനം. ആദ്യമായാണ് ജില്ലാ ശിശുപരിചരണ കേന്ദ്രത്തിൽ നിന്ന് കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കുന്നത്. കുട്ടികളുടെ രക്ഷിതാക്കളായി ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുൺകുമാർ, സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, എക്‌സിക്യൂട്ടിവ് അംഗം പ്രൊഫ. ഡി. സലീം കുമാർ എന്നിവർ കുട്ടികളോടൊപ്പം സ്‌ക്കൂളിലെത്തി പ്രവേശനോത്സവത്തിൽ പങ്കെടുത്തു.