jinto
എക്‌സൈസിന്റെ പിടിയിലായ ജിന്റോ

ആലുവ: മോഷണ ശ്രമത്തിനിടെ പിടിയിലായ യുവാവിന്റെ ശരീരത്തിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. മാള താനിശ്ശേരിക്കരയിൽ ചക്കാലയ്ക്കൽ വീട്ടിൽ ജിന്റോ (20) യെയാണ് നാട്ടുകാരും എക്സൈസും ചേർന്ന് പിടികൂടിയത്. 25 ചെറിയ പൊതികളിൽ നിന്നായി 150 ഗ്രാമോളം കഞ്ചാവ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോൺ, പണം എന്നിവ മോഷ്ടിക്കുന്നതാണ് രീതി. കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിലാണ് മോഷണം നടത്തിയിരുന്നത്. ആലുവ പുളിഞ്ചോട് ഭാഗത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തിന് മുൻപിലേയ്ക്ക് ഇയാൾ കിതച്ച് കൊണ്ട് ഓടിയെത്തുകയായിരുന്നു. തടഞ്ഞ് നിറുത്തി കാര്യം തിരക്കിയപ്പോൾ നെഞ്ചുവേദനയാണെന്നും പെട്ടെന്ന് ആശുപത്രിയിൽ പോകണമെന്നും പറഞ്ഞു. എക്‌സൈസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കാം എന്ന് പറഞ്ഞപ്പോൾ ഇയാൾ ഇത് വിസമതിച്ചു. കുറച്ച് ആളുകൾ സംഭവ സ്ഥലത്തേയ്ക്ക് ഓടി വരുന്നത് കണ്ടപ്പോൾ ജിന്റോ എക്‌സൈസുകാരെ തള്ളിയിട്ട ശേഷം ഓടാൻ ശ്രമിച്ചു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ എക്‌സൈസ് ടീം ജിന്റോയെ പിടിച്ചുനിർത്തി. പുളിഞ്ചോട് കൊച്ചി മെട്രോ തൊഴിലാളികളുടെ പണി സ്ഥലത്ത് മാറിയിട്ടിരുന്ന വസ്ത്രങ്ങളിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം ജിന്റോ രക്ഷപ്പെടാൻ ശ്രമിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു. മോഷണം ശ്രദ്ധയിൽപ്പെട്ട മെട്രോ തൊഴിലാളികൾ ഇയാളെ കൈയ്യോടെ പിടിക്കുകയും പണവും മൊബൈൽ ഫോണും തിരികെ വാങ്ങിക്കുകയും ചെയ്തു. പൊലീസിനെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് കുതറിയോടിത്. അങ്ങനെയാണ് എക്‌സൈസുകാരുടെ കൈയ്യിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാന്റിന് അകത്ത് തുടയിൽ കെട്ടിവച്ച നിലയിലും, അടിവസ്ത്രത്തിന് അകത്തുമായി കഞ്ചാവ് പൊതികൾ കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ ഒട്ടൻഛത്രത്ത് നിന്നുമാണ് വൻതോതിൽ കഞ്ചാവ് കൊണ്ട് വരുന്നത്. ഇവിടെ ചെറു പൊതികളിലാക്കി ഒരു പൊതിയ്ക്ക് 500 രൂപയ്ക്ക് വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ. വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ എന്നിവരും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.