'റോഷ്നി' മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
ആലുവ: അന്യസംസ്ഥാന തൊഴിലാളികൾ കേരളീയ സമൂഹത്തിന്റെ ഭാഗമായെന്നും അവരെ ഒഴിവാക്കിയുള്ള കേരളത്തെ കുറിച്ച് ചിന്തിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇതര സംസ്ഥാന വിദ്യാർത്ഥികളുടെ പഠന പിന്തുണ പദ്ധതിയായ 'റോഷ്നി' മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അന്യസംസ്ഥാന കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ മൂന്ന് വർഷമായി ജില്ലയിൽ 'റോഷ്നി' പദ്ധതി തുടങ്ങിയിട്ട്. 18 സ്കൂളുകളിൽ ആരംഭിച്ച പദ്ധതി അടുത്ത വർഷം 20 ആയും ഇക്കുറി 40 ആയും ഉയർന്നു. 600 കുട്ടികൾ കഴിഞ്ഞ വർഷം പദ്ധതിയുടെ ഭാഗമായി.
പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ ഇതര സംസ്ഥാനക്കാരനായ വിദ്യാർത്ഥി. ജാതി ഭേദവും മതദ്വേഷവും ഇല്ലാത്ത മതനിരപേക്ഷ സംസ്ഥാനമാണ് നമ്മുടേത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഈ സാഹചര്യം സ്വപ്നം കാണാനാകില്ല. ഇതരസംസ്ഥാന തൊഴിലാളികൾക്ക് മലയാള ഭാക്ഷ പഠിക്കുന്നതിന് സാക്ഷരത മിഷൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. എല്ലാ വിഷയത്തിനും എപ്ളസ് നേടിയ ഇതര സംസ്ഥാന വിദ്യാർത്ഥി ദിൽഷാദ് മുഹമ്മദിന് മുഖ്യമന്ത്രി അവാർഡ് സമ്മാനിച്ചു. നോവലിസ്റ്റ് സേതു 'റോഷ്നി' സന്ദേശം നൽകി. അൻവർ സാദത്ത് എം.എൽ.എ, ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ജി.സി.ഡി.എ ചെയർമാൻ വി. സലീം, ജീവൻ ബാബു, പ്രസാദ് കെ. പണിക്കർ, ഡോ. എം.പി. കുട്ടികൃഷ്ണൻ, സി.കെ. പ്രകാശ്, പി. കുസുമം എന്നിവർ സംസാരിച്ചു.