kseb
കെ.എസ്.ഇ.ബി നമ്പർ 2 സെക്ഷനിലെ ലൈൻമാൻ അനിൽകുമാറിന്റെ നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം സി.ഐ.ടി.യു യൂണിറ്റ് പ്രസിഡന്റ് കെ.കെ ദിലീപ് ഉദ്ഘാടനം ചെയ്യുന്നു..

മൂവാറ്റുപുഴ: കെ.എസ്.ഇ.ബി നമ്പർ 2 സെക്ഷനിലെ ലൈൻമാൻ അനിൽകുമാറിന്റെ നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധയോഗം നടത്തി. സി ഐ ടി യു പ്രസിഡന്റ് കെ.കെ. ദിലീപ് യോഗം ഉദ്ഘാടനം ചെയ്തു . ഐ.എൻ.ടി.യു.സി പ്രസിഡന്റ് മാതു സ്ക്കറിയ അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.കെ. ഗിരീഷ്, വിനോദ്, ജയകുമാർ, ജയ്ൻ, സ്റ്റാലിൻ, ഷിജി എന്നിവർ സംസാരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കറുകടം അമ്പഴച്ചാലിൽ ഭാഗത്താണ് സംഭവം. വൈദുതി ബില്ല് കുടിശികയായ വിവരം പറയുന്നതിന് വട്ടപ്പാറയിലെ ഒരു വീട്ടിൽ ചെന്ന അനിലിനെ വീട്ടുടമ അസഭ്യം പറയുകയും ഉടനെ ബില്ല് അടയ്ക്കുന്നില്ലെന്നുള്ള മറുപടിയുമാണ് ലഭിച്ചത്. ഇതേത്തുടർന്ന് ഫ്യുസ് ഊരാൻ തുടങ്ങിയ ലൈൻമാനെ വീട്ടുടമ കെെയേറ്റംചെയ്തെന്നാണ് പരാതി. ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സഹപ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പ്രതിയെ ഉടൻ അറസ്റ്റ്‌ ചെയ്ത് നിയമപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.