കൊച്ചി: ആഡംബര ഹോട്ടലുകൾ താമസിച്ച ശേഷം പണം നൽകാതെ മുങ്ങുന്ന കോട്ടയം കറുകച്ചാൽ കിഴക്കേമുറിയിൽ അനിൽ ജോസഫിനെ (52) എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം മാന്യമായ വസ്ത്രം ധരിച്ച് കലൂർ ഗോകുലം പാർക്ക് ഹോട്ടലിലെത്തിയ ഇയാൾ എൽ ആൻഡ് ടി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചപ്പെടുത്തി മുറി വാടകയ്‌ക്കെടുത്തു.തുക കമ്പനി അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്യുമെന്ന് ഹോട്ടൽ ജീവനക്കാരനെ വിശ്വസിപ്പിച്ചു. മൂന്ന് ദിവസത്തിനകം 15000 രൂപ ബില്ലായതോടെ ഹോട്ടൽ അധികൃതർ തുക ആവശ്യപ്പെട്ടെങ്കിലും പല ന്യായങ്ങൾ നിരത്തി. സംശയം തോന്നിയ ഹോട്ടൽ മാനേജർ നോർത്ത് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ അനിലിനെ ചോദ്യം ചെയ്‌തതോടെയാണ് തട്ടിപ്പ് പുറത്തായത്. സമാനമായ രീതിയിൽ ഇയാൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. നോർത്ത് സി.ഐ റോജ്, എസ്.ഐമാരായ രാജൻബാബു, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.