പള്ളുരുത്തി: ഇന്നലെ സ്ക്കൂളുകൾ തുറന്നതോടെ സ്വകാര്യ ബസുകാരുടെ മർക്കടമുഷ്ടി വീണ്ടും തുടങ്ങി. ആദ്യദിനമായതിനാൽ പല സ്കൂളുകളിലും ഉച്ചവരെ മാത്രമേ ക്ളാസ് ഉണ്ടായിരുന്നുള്ളൂ. പല വിദ്യാർത്ഥികളും സ്റ്റോപ്പുകളിൽ ബസ് കാത്ത് നിന്നെങ്കിലും പല ബസുകളും നിർത്താതെ പോയി. നിർത്തിയവയാകട്ടെ സ്റ്റോപ്പുകളിൽ നിന്ന് ദൂരെമാറിയും. വിദ്യാർത്ഥികൾ ഓടി എത്തുമ്പോഴേക്കും ബസുകൾ വിട്ടുപോകുന്ന പതിവ് ഇന്നലെയും ആവർത്തിച്ചു.

നേവൽബേസിൽ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് ക്ളാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.30 ഓടെ ഇറങ്ങിയ വിദ്യാർത്ഥികൾക്ക് സ്റ്റോപ്പിൽ ഏറെനേരം കാത്തുനിന്ന ശേഷമാണ് സ്വകാര്യബസുകൾ കിട്ടിയത്. ഇവിടെ ബസ് ഷെൽറ്റർ ഇല്ലാത്തതിനാൽ തീ വെയിലത്താണ് വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്നത്. ഇതുപോലെ തന്നെയാണ് തോപ്പുംപടി, പള്ളുരുത്തി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിൽ സ്വകാര്യ ബസ് കാത്ത് നിൽക്കുന്ന വിദ്യാർത്ഥികളുടെ കാര്യവും.

ബസ് സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റണമെന്ന് എറണാകുളം ആർ.ടി.ഒയുടെ കർശന നിർദ്ദേശമുണ്ടെങ്കിലും ഇത് ആദ്യദിനം തന്നെ കാറ്റിൽ പറത്തിയെന്നാണ് രക്ഷിതാക്കളുടെ പരാതി.

പൊലീസിനെ നിയമിക്കണം

സ്കൂൾ വിടുന്ന സമയങ്ങളിൽ സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പുകളിൽ പൊലീസിനെ നിയമിക്കണമെന്നാണ് ആവശ്യം. ഇത് വിദ്യാർത്ഥികളുടെ സുരക്ഷിതയാത്രയ്ക്ക് അത്യാവശ്യമാണെന്ന് രക്ഷിതാക്കൾ പറയുന്നു. മോട്ടോർ വാഹനവകുപ്പ് അധികാരികളുടെ പരിശോധനയും അത്യാവശ്യമാണ്.