കൊച്ചി : എറണാകുളം പറവൂർ സ്വദേശി രജീഷിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഏഴ് പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കോട്ടുവള്ളി തത്തപ്പിള്ളി വയലപാല അനൂപ്, വടക്കേത്തറ സുജിത്ത്, കക്കാരത്തി പറമ്പ് ശരത്, കല്പട പറമ്പിൽ ഷാൻ, കക്കാരത്തി പറമ്പ് സതീഷ്, ചട്ടുരക്കാലം സുമേഷ്, പുളിക്കത്തറ അജിത് കുമാർ എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വെറുതേ വിട്ടത്.

2009 ജനുവരി 10 ന് ഡിവൈ.എഫ്.ഐ പ്രവർത്തകനായ തത്തപ്പള്ളി സ്വദേശി രതീഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രജീഷിനെ തൊട്ടടുത്ത ദിവസം പ്രതികൾ ക്രൂരമായി ആക്രമിച്ചെന്നും തുടർന്ന് ജനുവരി 12 ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചെന്നുമാണ് കേസ്.

2015 നവംബർ 28 ന് പറവൂർ അഡി. സെഷൻസ് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചി​രുന്നു. വിശ്വാസ യോഗ്യമായ തെളിവും മൊഴികളുമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്ന് ഹൈക്കോടതി വിലയിരുത്തി. കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെല്ലാം കൂറു മാറിയിരുന്നു. പ്രതികൾ രജീഷിനെ മർദ്ദിക്കുന്നത് കണ്ടെന്ന് ജൂനിയർ എസ്.ഐ വിനോദാണ് മൊഴി നൽകിയത്. എന്നാൽ ഇതിന് ഉപോൽബലകമായ മറ്റു തെളിവുകൾ ഇല്ലെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.