cyro

കൊച്ചി: സീറോ മലബാർ സഭയിൽ വിവാദങ്ങൾക്കും ചേരിതിരിവിനും കാരണമായ സ്ഥലമിടപാട്,​ വ്യാജരേഖ കേസുകളിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ പിന്തുണച്ച് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി)യുടെ വർഷകാല സമ്മേളനം പള്ളികളിൽ വായിക്കാൻ തയ്യാറാക്കിയ സർക്കുലർ പിൻവലിച്ചു. എറണാകുളം അങ്കമാലി അതിരൂപത പ്രതിഷേധിച്ചതിനെ തുടർന്നാണിത്. സമിതി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പേരിലായിരുന്നു സർക്കുലർ.

വിവാദങ്ങൾ സംബന്ധിച്ച് മെത്രാൻ സമിതി നടത്തിയ ചർച്ചയുടെ സൂചനകൾ മാത്രമാണ് സർക്കുലറിലുള്ളതെന്ന് സമിതി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് വിശദീകരണക്കുറിപ്പിൽ പറഞ്ഞു. സ്ഥലമിടപാട് സംബന്ധിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് മാർപാപ്പയുടെ പരിഗണനയിലാണ്. റിപ്പോർട്ടിന്റെ ഉള്ളടക്കം സമിതിക്ക് അറിയില്ല. റോമിന്റെ തീരുമാനത്തിലേ വസ്തുതകൾ മനസിലാകൂ. അതിനാൽ സർക്കുലർ പിൻവലിക്കുകയാണെന്ന് വക്താവ് അറിയിച്ചു.

# സർക്കുലറിൽ അനുചിത കാര്യങ്ങൾ

സർക്കുലറിൽ പറയുന്ന കാര്യങ്ങൾ അനുചിതവും ഖേദകരവുമാണെന്ന് എറണാകുളം അങ്കമാലി അതിരൂപതാ വക്താവ് ഫാ. പോൾ കരേടൻ പത്രക്കുറിപ്പിൽ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം മെത്രാൻ സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടെങ്കിലും ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പോയിട്ടില്ല. മറിച്ചുള്ള പ്രസ്താവന സർക്കുലർ രൂപത്തിൽ പുറത്തിറക്കിയത് ശരിയല്ല. യോഗ തീരുമാനങ്ങൾ പത്രക്കുറിപ്പിലൂടെ പുറത്തിറക്കാനായിരുന്നു തീരുമാനം. പകരം പള്ളികളിൽ വായിക്കാൻ നിർദ്ദേശിച്ച് സർക്കുലർ നൽകിയത് യോഗതീരുമാനത്തിനു വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

# സർക്കുലറിൽ പറഞ്ഞിരുന്നത്

കർദ്ദിനാളിനെതിരായ രേഖകളുടെ ഉള്ളടക്കം സത്യവിരുദ്ധമാണ്. പൊലീസ് അന്വേഷണം ബാഹ്യസമ്മർദ്ദവും ഇടപെടലും കൂടാതെ തുടരണം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സഭയിൽ ഭിന്നത സൃഷ്ടിക്കാൻ തത്പരകക്ഷികൾ നടത്തുന്ന ശ്രമങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണം. അനാവശ്യമായ പ്രസ്താവനകളിൽ നിന്നും വിവാദങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണം.

അതിരൂപതയുടെ സ്ഥലമിടപാടിൽ ആരോപിക്കപ്പെടുന്ന അഴിമതികൾ സംഭവിച്ചിട്ടില്ല. പ്രശ്നങ്ങൾ സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കാൻ നടപടികളും സംവിധാനങ്ങളും പൂർത്തിയായിട്ടുണ്ട്.