തൃക്കാക്കര : തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ഔദ്യോഗിക വാഹനത്തിൽ പഴനി തീർത്ഥാടനത്തിന് പോയെന്ന ആരോപണവുമായി കൗൺസലർമാർ രംഗത്ത്.

കഴിഞ്ഞ തിങ്കൾ -ചൊവ്വ ദിവസങ്ങളിൽ ചെയർപേഴ്സൻ ഷീല ചാരുവും കുടുംബവും ഔദ്യോഗിക വാഹനമായ ഇന്നോവ ദുരുപയോഗിച്ച് പഴനി യാത്ര നടത്തിയെന്ന് കോൺഗ്രസ് കൗൺസിലർമാരാണ് സെക്രട്ടറിക്ക് പരാതി നൽകിയത്.

സ്ഥിരം ഡ്രൈവറെ ഒഴിവാക്കി താൽക്കാലിക ഡ്രൈവറുമായാണ് യാത്ര നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ലീവിലായിരുന്നതിനാൽ ഇതേക്കുറിച്ച് അറിയില്ലെന്ന് നഗര സഭ സെക്രട്ടറി ഷിബു പറഞ്ഞു .രണ്ടുദിവസമായി താൻ ലീവിലായിരുന്നു,

പരാതി പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കും. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം .ഓ വർഗീസും ഷാജി വാഴക്കാലയും പറഞ്ഞു.
ചെലവു ചുരുക്കലിന്റെ ഭാഗമായി സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പരിശോധന കർശനമാക്കുന്നതിനിടെയാണ് തൃക്കാക്കരയിലെ വിവാദം. ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനിൽ നിന്ന് പിഴയീടാക്കാനും നിയന്ത്രണാധികാരം എടുത്തുകളയുവാനും നിർദേശമുണ്ട്. ഒരുവർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ധനം വിനിയോഗിച്ച മാസം കണ്ടെത്തി ഇന്ധനവിലയുടെ പകുതി തുക പിഴ അടക്കേണ്ടിയും വരും.

ആരോപണം അടിസ്ഥാന രഹിതം: ഷീല ചാരു

താനും കുടുംബവും ഔദ്യോഗിക വാഹനത്തിൽ പഴനി യാത്ര നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് നഗര സഭ അധ്യക്ഷ ഷീല ചാരു പറഞ്ഞു. തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി പോയതാണെന്ന് അവർ പറഞ്ഞു.