കൊച്ചി: ഫയർമാൻമാരുടെ സ്ഥലംമാറ്റ പട്ടികയിൽ സീനിയോറിട്ടി മറികടന്ന് അനർഹരെ തിരുകിക്കയറ്റി ഡി.ജി ഓഫീസിലെ ചില ജീവനക്കാർ ഒത്തുകളിച്ചതായി ആക്ഷേപം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാത്ത ജൂനിയർ ജീവനക്കാരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ജൂൺ 3ന് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. കരട് ലിസ്റ്റിൽ ഉൾപ്പെടാത്ത 38 പേരെയാണ് മെയിൻ ലിസ്റ്റിൽപെടുത്തി ഇഷ്ട സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം നൽകിയത്. ഡയറക്ടർ ജനറൽ ഓഫീസിലെ ചില ജീവനക്കാരാണ് പട്ടികയിൽ തിരിമറി നടത്തിയതെന്ന് ഫയർമാൻ ജീവനക്കാർ ആരോപിക്കുന്നു.
ചിലരുടെ ബന്ധുക്കളെയും അടുപ്പക്കാരെയും ലിസ്റ്റിൽ തിരുകിക്കയറ്റിയാണ് സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കിയതത്രേ. സീനിയോറിട്ടിയിൽ മുന്നിലുള്ള ജീവനക്കാരുടെ അപേക്ഷകൾ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ കരട് പട്ടികയിൽ ഉൾപ്പെടാതെ പിന്നീട് പ്രധാന പട്ടികയിൽ ഇടം പിടിച്ച ജൂനിയേഴ്സിന് ആവശ്യപ്പെട്ട സ്റ്റേഷനുകൾ നൽകുകയും ചെയ്തു. വടക്കൻ ജല്ലകളിൽ നിന്നും തെക്കൻ ജില്ലകളിലേക്ക് അപേക്ഷിച്ചിരുന്ന ജീവനക്കാരാണ് ഭൂരിഭാഗവും തഴയപ്പെട്ടത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് മേഖലകളിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന സീനിയർ ഫയർമാൻമാരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. ജോലിയിൽ പ്രവേശിച്ച് മൂന്നു വർഷം പോലും പൂർത്തിയാകാത്തവരാണ് ഇഷ്ട സ്ഥലങ്ങളിൽ സ്ഥംമാറ്റം ലഭിച്ചവരിൽ പലരും. മെയ് 18നാണ് 87 പേരെ ഉൾപ്പെടുത്തി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ ജില്ലാ ഫയർ ഓഫീസർമാർക്ക് പരാതി നൽകാൻ കഴിഞ്ഞ മാസം 24 വരെ സമയപരിധിയും നൽകിയിരുന്നു. എന്നാൽ പിന്നീട് 38 ജൂനിയേഴ്സിനെ കൂടെ ഉൾപ്പെടുത്തി 125 പേരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
പാകപ്പിഴകൾ ഉണ്ടാകാം
കരട് പട്ടിക ഭൂരിഭാഗവും തെറ്റായിരുന്നു. ഇത് പരിഹരിച്ചിറക്കിയ മെയിൻ ലിസ്റ്റിലും പാകപ്പിഴകൾ കടന്നുകൂടിയിട്ടുണ്ടാകാം. അത്തരം പരാതികൾ പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തും.
ആർ.അജിത്കുമാർ, ജനറൽ സെക്രട്ടറി, കേരള ഫയർ സർവീസ് അസോസിയേഷൻ
പരിശോധിച്ച് നടപടി
ഫയർമാൻ കാറ്റഗറിയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതൽപേരും. ഇവരിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിലാണ് ജോലി ചെയ്യുന്നത്. കഴിയുന്നത്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. അപാകത ഉണ്ടായിട്ടുണ്ടെങ്കിൽ വസ്തുതകൾ പരിശോധിച്ച് നടപടി സ്വീകരിക്കും.
എ. ഹേമചന്ദ്രൻ, ഫയർഫോഴ്സ് മേധാവി